മഹാമാരിക്കാലത്ത് വൈറസിനെ ചെറുക്കാൻ തൊഴിലിടങ്ങൾ വീട്ടകങ്ങളിലേക്ക് ചുരുക്കിയിട്ട് വർഷം രണ്ടാകുന്നു. തൊഴിലും വീടും ഒന്നിച്ചപ്പോഴുള്ള സമ്മർദങ്ങളിൽ നിന്ന് ഒളിച്ചോടാൻ ദുശ്ശീലങ്ങളെ കൂട്ടുപിടിച്ചവരുമുണ്ട്. ഇത്തരക്കാർക്ക് കടിഞ്ഞാണിടാൻ തീരുമാനിച്ചിരിക്കുകയാണ് ജപ്പാനിൽ നിന്നുള്ള ഒരു ധനകാര്യ സ്ഥാപനമായ നോമുറാ ഹോൾഡിങ്സ്. ഓഫീസിൽ മാത്രമല്ല വർക് ഫ്രം ഹോമിൽ പോയാലും പുകവലി വേണ്ടെന്ന നിർദേശമാണ് കമ്പനി നൽകിയിരിക്കുന്നത്. 

ഒക്ടോബറിൽ പോളിസി നിലവിൽ വരുമെന്നും വക്താവ് യോഷിടാകാ ഒറ്റ്സു പറഞ്ഞു. നോമുറാ ​ഗ്രൂപ്പിന്റെ പരിധിയിൽ വരുന്ന സകല സ്മോക്കിങ് മുറികളും ഡിസംബറോടെ പൂട്ടാനാണ് തീരുമാനം. നയം പുറപ്പെടുവിച്ചെങ്കിലും കർശനമാക്കാൻ ശിക്ഷാനടപടികളൊന്നും കമ്പനി നിർദേശിക്കുന്നില്ല. പരസ്പര വിശ്വാസത്തിന്റെ പുറത്താണ് നയം സ്വീകരിച്ചിരിക്കുന്നത്. 

വീടുകളിൽ തൊഴിലാളികൾ നിർദേശം പാലിക്കുന്നുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷണം നടത്താൻ തൽക്കാലം ഉദ്ദേശിച്ചിട്ടില്ല. ജോലിസ്ഥലത്ത് അനുകൂലമായ അന്തരീക്ഷം ഒരുക്കാനും പുകവലിക്കുന്നവർക്കും പുകവലി ശ്വസിക്കുന്നവർക്കുമുള്ള ആരോ​ഗ്യപ്രശ്നങ്ങൾ കുറയ്ക്കുക, തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോ​ഗ്യം ഉറപ്പുവരുത്തുക എന്നിവയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. 

വർക് ഫ്രം ഹോം ആയതോടെ പത്തിൽ രണ്ടുപേര്‍ എന്ന നിരക്കില്‍ പുകവലിശീലം സാധാരണത്തേക്കാൾ കൂടിയെന്ന് ജപ്പാനിലെ നാഷണൽ കാൻസർ സെന്ററിന്റെ കണക്കുകളിൽ പറയുന്നു. വീടുകളിൽ പുകവലിക്ക് നിയന്ത്രണമില്ലാത്തതാണ് ഇത്തരത്തിൽ ദുശ്ശീലം കൂടാൻ കാരണമെന്നും പഠനത്തിൽ പറയുന്നു. 2025 ആകുമ്പോഴേക്കും തൊഴിലാളികളുടെ പുകവലി ശീലം പന്ത്രണ്ടുശതമാനമായി കുറയ്ക്കണമെന്നാണ് നോമുറാ ​ഗ്രൂപ്പിന്റെ ലക്ഷ്യം. മാർച്ചിൽ ഇത് 20 ശതമാനമായിരുന്നു. പുകവലി ശീലം നിർത്താനായി 2017 മുതൽ കമ്പനി സാമ്പത്തിക സഹായവും നൽകി വരുന്നുണ്ട്.