വടകര: ആരോഗ്യവകുപ്പിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരായ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുടെ 350-ഓളം തസ്തികകള്‍ സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്നു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് ഒന്നിന്റെ പ്രമോഷന്‍ തസ്തികയാണിത്. സ്‌പെഷ്യല്‍ റൂള്‍ പ്രകാരം ആറുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് ജെ.പി.എച്ച്.എന്‍മാര്‍ക്ക് പബ്ലിക് ഹെല്‍ത്ത് നഴ്സായി സ്ഥാനക്കയറ്റം നല്‍കുന്നത്. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ രണ്ടുവര്‍ഷമായി പരിശീലനം നടക്കുന്നില്ല. ഈ കാരണത്താലാണ് സ്ഥാനക്കയറ്റം നീളുന്നതും തസ്തിക ഒഴിഞ്ഞുകിടക്കുന്നതും.

കോവിഡ് പ്രതിരോധം, കുത്തിവെപ്പ് എന്നിവ സജീവമായി നടക്കുന്ന സമയത്ത് ഇതിന് നേതൃത്വം നല്‍കേണ്ട പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുടെ അഭാവം വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷവും ഇതേ പ്രശ്‌നം വന്നിരുന്നു. ഒടുവില്‍ പരിശീലനം തത്കാലം മാറ്റിവെച്ച് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു. നാനൂറോളം ഒഴിവുകളിലാണ് അന്ന് നിയമനം നടന്നത്.

ഇത്തവണ പ്രമോഷന്‍ കാത്തുകിടക്കുന്നവര്‍ 350-ഓളം പേരാണ്. ഇവര്‍ക്കും കഴിഞ്ഞവര്‍ഷത്തേതുപോലെ പരിശീലനം തത്കാലം മാറ്റിവെച്ച് സ്ഥാനക്കയറ്റം നല്‍കണമെന്നാണ് ഈ മേഖലയിലെ സംഘടനകളുടെ ആവശ്യം. ആരോഗ്യവകുപ്പിന്റെയും മറ്റും ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരികയും ചെയ്തു.

ആറുമാസത്തെ പരിശീലനത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായമുണ്ട്. വളരെ പഴക്കമുള്ള സ്‌പെഷ്യല്‍ റൂളാണിതെന്നാണ് അഭിപ്രായം. പ്ലസ്ടു, രണ്ടുവര്‍ഷത്തെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് കോഴ്സ് എന്നീ യോഗ്യതകളുമായാണ് ജെ.പി.എച്ച്.എന്‍. സര്‍വീസിലേക്ക് വരുന്നത്. പിന്നീട് വര്‍ഷങ്ങളുടെ അനുഭവസമ്പത്തും ഉണ്ടാകും. എന്നിട്ടും സ്ഥാനക്കയറ്റത്തിന് എന്തിനാണ് ആറുമാസത്തെ പരിശീലനമെന്നതാണ് ചോദ്യം.

പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഇവരുടെ ചുമതല വഹിക്കുന്നത് ജെ.പി.എച്ച്.എന്‍മാരാണ്. ജെ.പി.എച്ച്.എന്‍. ഗ്രേഡ് രണ്ട് തസ്തികയിലും ഒട്ടേറെ ഒഴിവുകളുണ്ട്.

ഇതോടെ ഇരട്ടജോലിഭാരമാണ് ജെ.പി.എച്ച്.എന്‍. ഗ്രേഡ് ഒന്നിലുള്ളവര്‍ക്ക്. സ്ഥാനക്കയറ്റം വൈകുന്തോറും 25 വര്‍ഷമൊക്കെ സര്‍വീസുള്ളവര്‍ ആശങ്കയിലാണ്. പ്രമോഷന്‍ കിട്ടാതെതന്നെ പിരിയേണ്ടിവരുമെന്നതാണ് ആശങ്ക.

മാത്രമല്ല ഇവര്‍ക്ക് കയറ്റംകിട്ടുമ്പോള്‍ ജെ.പി.എച്ച്.എന്‍. ഗ്രേഡ് രണ്ടിലുള്ളവര്‍ ഗ്രേഡ് ഒന്നിലെത്തും. ഗ്രേഡ് രണ്ട് തസ്തികയിലേക്ക് പി.എസ്.സി.വഴി പുതിയ നിയമനം കാത്തിരിക്കുന്നവര്‍ക്കും ഇത് ഗുണകരമാകും.

Content Highlights: No promotion, About 350 public health nurse posts are vacant, Health