തിരുവനന്തപുരം: കോവിഡ് ബാധിതരെ രോഗം ഭേദമായി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നതിനുമുമ്പ് കോവിഡ് നിർണയപരിശോധന ആവശ്യമില്ലെന്ന് ആരോഗ്യവകുപ്പ്. ആന്റിജൻപരിശോധനയിൽ രോഗം സ്ഥിരീകരിച്ചയാൾക്ക് വീണ്ടും ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടെന്നും പുതുക്കിയ മാർഗരേഖയിൽ നിർദേശിച്ചു.

ചേരികൾ, തീരപ്രദേശങ്ങൾ, ഗ്രാമീണമേഖലകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, ആരോഗ്യസ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധനാബൂത്തുകൾ സ്ഥാപിച്ച് ആന്റിജൻ പരിശോധന വ്യാപിപ്പിക്കും.

കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിക്കാൻ പത്താംദിവസം ആന്റിജൻ പരിശോധന നടത്തണമെന്നായിരുന്നു ആദ്യ നിർദേശം. പരിശോധനയിൽ രോഗമില്ലെന്ന് കണ്ടശേഷമാണ് ഡിസ്ചാർജ് ചെയ്തിരുന്നത്. കഴിഞ്ഞമാസമാണ് ഈ മാർഗരേഖ പിൻവലിച്ചത്.

ഗുരുതരരോഗമില്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നവർ തുടർച്ചയായി മൂന്നുദിവസം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഇപ്പോഴുള്ള മാർഗരേഖ. ഡിസ്ചാർജ് ചെയ്തശേഷം രണ്ടാഴ്ച വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.

നിരീക്ഷണത്തിൽ കഴിയുമ്പോൾ ശ്വാസതടസ്സം, നെഞ്ചുവേദന, രക്തസമ്മർദം താഴൽ തുടങ്ങിയവയോ മറ്റുരോഗലക്ഷണങ്ങളോ ഉണ്ടോ എന്ന് സ്വയം നിരീക്ഷിക്കണം. രോഗിക്ക് ഓക്സിജൻ നൽകേണ്ട ആവശ്യമില്ലെന്നും ആരോഗ്യസ്ഥിരത ഉണ്ടെന്നും ആശുപത്രികൾ ഉറപ്പുവരുത്തിയശേഷമായിരിക്കണം ഡിസ്ചാർജ് എന്ന് നിർദേശിച്ചിട്ടുണ്ട്.

ഡിസ്ചാർജ് ചെയ്യുന്നതിനുമുന്നോടിയായി വീണ്ടും പരിശോധന നടത്തേണ്ടതില്ലെന്ന് നേരത്തേതന്നെ ഐ.സി.എം.ആർ. നിർദേശിച്ചിരുന്നെങ്കിലും സംസ്ഥാനം നടപ്പാക്കിയിരുന്നില്ല.

Content Highlights: No need for a covid19 test before the patients are discharged from the hospital, Health, Covid19