ന്യൂഡല്‍ഹി: കോവിഡ് രണ്ടാംതരംഗത്തില്‍ കൂടുതല്‍ കുട്ടികള്‍ പോസിറ്റീവാകുന്നുണ്ടെങ്കിലും നിസ്സാരഅണുബാധയേ ഉണ്ടാകുന്നുള്ളൂവെന്ന് വിദഗ്ധര്‍. കുട്ടികളിലെ മരണനിരക്കും കുറവാണ്. കോവിഡ് പരിശോധന കൂടിയതും രോഗലക്ഷണങ്ങളെക്കുറിച്ചുള്ള അറിവ് മെച്ചപ്പെട്ടതുമാവാം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണമെന്നും അവര്‍ പറഞ്ഞു.

കുട്ടികളിലെ രോഗബാധയുടെ കാര്യത്തില്‍ ആശങ്കവേണ്ടെങ്കിലും കോവിഡ് വ്യാപനം കുറയ്ക്കാന്‍ അവര്‍ക്കും ഉടന്‍ വാക്‌സിന്‍ നല്‍കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പ്രായമായവരെ അപേക്ഷിച്ച് രണ്ടാംതരംഗത്തില്‍ കുട്ടികളിലും ചെറുപ്പക്കാരിലും വൈറസ് ബാധയില്‍ പൊതുവേ വര്‍ധന കാണുന്നുണ്ടെന്ന് കൊല്‍ക്കത്തയിലെ സി.എസ്.ഐ.ആര്‍.-ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ബയോളജിയിലെ വൈറോളജിസ്റ്റ് ഉപാസന റേ പറഞ്ഞു.

ആഗോളതലത്തില്‍ കോവിഡ്മൂലം ആശുപത്രിയിലാകുന്നവരില്‍ മൂന്നുനാലുശതമാനമേ കുട്ടികളുള്ളൂവെന്ന് നീതി ആയോഗ് അംഗം വി.കെ. പോള്‍ പറഞ്ഞിരുന്നു.ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സും എയിംസ് ഡയറക്ടറും മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്നതിന് തെളിവൊന്നുമില്ലെന്ന് വ്യക്തമാക്കിയിരുന്നു

Content Highlights: No indication that children will be severely or more affected in COVID-19