Representative Image| Photo: AP
ആരോഗ്യത്തിന് ഹാനികരമല്ലാത്ത സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്ന് ലോകാരോഗ്യസംഘടന. മദ്യപാനത്തിന്റെ ഉപയോഗം വർധിക്കുന്നതിനൊപ്പം കാൻസർ സാധ്യത കൂടി വർധിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. യൂറോപ്പിൽ അമിത മദ്യപാനം മൂലം 200 മില്യൺ ആളുകൾ കാൻസർ സാധ്യതാ പട്ടികയിലുണ്ടെന്നും സംഘടന പറയുന്നു. ലാൻസെറ്റ് പബ്ലിക് ഹെൽത്തിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുറഞ്ഞതും മിതമായ രീതിയിലുമുള്ള മദ്യത്തിന്റെ ഉപയോഗം പോലും യൂറോപ്യൻ മേഖലയിൽ കാൻസർ സാധ്യത വർധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. ആഴ്ച്ചയിൽ 1.5ലിറ്റർ വൈനിൽ കുറവോ, 3.5 ലിറ്റർ ബിയറിൽ കുറവോ, 450 മില്ലിലിറ്ററിൽ കുറവോ കഴിക്കുന്നതുപോലും ആരോഗ്യത്തിന് ഹാനികരമാണ് എന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.
കുടലിലെ കാൻസർ,സ്തനാർബുദം തുടങ്ങിയ ഏഴോളം കാൻസറുകൾക്ക് മദ്യപാനം കാരണമാകുന്നു. എഥനോൾ ശരീരത്തിലെത്തുന്നതു വഴി പല പ്രവർത്തനങ്ങളും തകരാറിലാവുകയും അതുവഴി കാൻസറിന് കാരണമാവുകയും ചെയ്യും. ആൽക്കഹോൾ അടങ്ങിയ ഏത് പാനീയവും കാൻസർ സാധ്യത വർധിപ്പിക്കുന്നതാണ്- ലോകാരോഗ്യസംഘടന.
മദ്യത്തിന്റെ ഉപയോഗം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല എന്ന് തെളിയിക്കാൻ മതിയായ ശാസ്ത്രീയ തെളിവുകൾ ആവശ്യമാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
മദ്യപാനത്തിന്റെ സുരക്ഷിതമായ ഉപയോഗം എന്നൊന്നിനെക്കുറിച്ച് പറയാനാവില്ല. എത്ര കുടിക്കുന്നു എന്നതിലല്ല, ആൽക്കഹോൾ അടങ്ങിയ ഏതൊരു പാനീയവും ആദ്യതുള്ളി കുടിക്കുന്നതിൽ തുടങ്ങി മദ്യപാനിയുടെ ആരോഗ്യം പ്രശ്നമായി തുടങ്ങുന്നു. എത്ര അധികം മദ്യപിക്കുന്നോ അത്രത്തോളം അപകടകരമാണ്, എത്ര കുറച്ച് മദ്യപിക്കുന്നോ അത്ര സുരക്ഷിതവുമാണ് എന്നു മാത്രമേ ഉറപ്പിച്ച് പറയാനാവൂ എന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നുണ്ട്.
നേരത്തേ അമേരിക്കന്‍ അസോസിയേഷന് ഫോര്‍ കാന്‍സര്‍ റിസര്‍ച്ചിന്റെ ജേര്‍ണലായ കാന്‍സര്‍ എപിഡെമോളജി, ബയോമാര്‍ക്കേഴ്സ്& പ്രിവന്ഷനിലും സമാന കണ്ടെത്തൽ വന്നിരുന്നു. മദ്യപാനവും കാന്‍സര്‍ സാധ്യതയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനത്തിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്. വൈന്‍ ഉള്‍പ്പെടെ ആല്‍ക്കഹോള്‍ അംശമുള്ള പാനീയങ്ങളെല്ലാം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനത്തിൽ പറഞ്ഞത്. ഭൂരിഭാഗം പേരും ഇതേക്കുറിച്ച് അവബോധമില്ലാത്തവരോ അതല്ലെങ്കില്‍ മദ്യം ഗുണം ചെയ്യുമെന്ന് കരുതുന്നവരോ ആണെന്ന് പഠനത്തിൽ വ്യക്തമാക്കിയിരുന്നു.
എഥനോള്‍ അടങ്ങിയിട്ടുള്ള ബിയര്‍, വൈന്‍ ഉള്‍പ്പെടെയുള്ള മദ്യങ്ങളെല്ലാം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനത്തിൽ പങ്കുവെക്കുകയുണ്ടായി. 3,800 പേരെ പങ്കെടുപ്പിച്ചുള്ള ഒരു ഗവണ്മെന്റ് സര്‍വേയാണ് പഠനത്തിന് ആധാരമാക്കിയത്. കാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്ന് മദ്യപാനമാണെന്നും എന്നിട്ടും അത് പലര്‍ക്കും അറിയാത്തത് ശ്രദ്ധിക്കപ്പെടേണ്ട വിഷയമാണെന്നും ഗവേഷകര്‍ പങ്കുവെച്ചു. മദ്യപാനവും കാന്‍സര്‍ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ജനങ്ങളുടെ അവബോധം പരിശോധിക്കുകയായിരുന്നു പഠനലക്ഷ്യം.
Content Highlights: no amount of alcohol is safe says world health organisation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..