ന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യമേഖലയില്‍ ഏറ്റവും മികച്ച പ്രകടനം കേരളത്തിന്റേത്. ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍. നീതി ആയോഗ്, ആരോഗ്യമന്ത്രാലയം, ലോകബാങ്ക് എന്നിവ സംയുക്തമായി തയ്യാറാക്കിയ ആരോഗ്യസൂചികാ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

സംസ്ഥാനങ്ങള്‍ കാഴ്ചവെയ്ക്കുന്ന പ്രകടനത്തോടൊപ്പം വാര്‍ഷിക വളര്‍ച്ചനിരക്കും കണക്കാക്കിയിട്ടുണ്ട്. ഓരോ വര്‍ഷവും കൈവരിക്കുന്ന പുരോഗതിയുടെ അടിസ്ഥാനത്തിലാണ് വളര്‍ച്ചനിരക്ക് നിശ്ചയിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പുരോഗതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. വലിയ സംസ്ഥാനങ്ങള്‍, ചെറിയ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് സൂചിക തിട്ടപ്പെടുത്തിയത്. 

76.55 ആണ് കേരളത്തിനുലഭിച്ച പോയന്റ്. 2014-15 കാലയളവിനെക്കാള്‍ വളര്‍ച്ചയില്‍ മൂന്നരശതമാനത്തോളം കുറവുണ്ടായി. പഞ്ചാബ് (65.21), തമിഴ്നാട് (63.38) എന്നിവയ്ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശിന്റെ പോയന്റ് 33.69 ആണ്. ചെറിയസംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ മിസോറമാണ് മുന്നില്‍ (73.70).

വാര്‍ഷികവളര്‍ച്ചയുടെ കാര്യത്തില്‍ വലിയ സംസ്ഥാനങ്ങളില്‍ ജാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍, ഉത്തര്‍പ്രദേശ് എന്നിവയും ചെറിയ സംസ്ഥാനങ്ങളില്‍ മണിപ്പുര്‍, ഗോവ എന്നിവയും മുന്നില്‍നില്‍ക്കുന്നു. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഇരുസൂചികയിലും ലക്ഷദ്വീപാണ് മുന്നില്‍. 2014-2015, 2015-2016 കാലയളവിലെ വിവരങ്ങള്‍ താരതമ്യപ്പെടുത്തിയാണ് സൂചിക തയ്യാറാക്കിയത്.

അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളുടെ മരണനിരക്കില്‍ ദേശീയ ആരോഗ്യനയത്തില്‍ പറയുന്ന ലക്ഷ്യം കേരളവും തമിഴ്നാടും കൈവരിച്ചു. ആയിരത്തില്‍ 23 ആണ് നയത്തിലെ ലക്ഷ്യം. കേരളത്തിലിത് 13-ഉം, തമിഴ്നാട്ടില്‍ 20-ഉം ആണ്. കേരളത്തില്‍ ജനിക്കുന്ന 11.7 ശതമാനം കുട്ടികളും ഭാരക്കുറവ് നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോഗ്യസൂചിക

ആരോഗ്യരംഗത്ത് സംസ്ഥാനങ്ങള്‍ കൈവരിക്കുന്ന വളര്‍ച്ച അളക്കുകയാണ് ആരോഗ്യസൂചികയുടെ ലക്ഷ്യം. ഏതൊക്കെ മേഖലകളിലാണ് മുന്നേറാനുള്ളതെന്ന് കണ്ടെത്തുന്നതിനോടൊപ്പം രാജ്യത്തിന്റെ പുരോഗതി കൃത്യമായി രേഖപ്പെടുത്താനും ഇത് സഹായിക്കുമെന്ന് നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത് അറിയിച്ചു. രാജ്യത്തെ ആരോഗ്യവ്യവസ്ഥയിലെ സങ്കീര്‍ണതകള്‍ കുറയ്ക്കുക, ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കുക എന്നിവയും ഉന്നമിടുന്നു.