കോഴിക്കോട്: സംസ്ഥാനത്ത് പോഷകാഹാരക്കുറവ് കാരണം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നതായി 2019-20ലെ ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍.എഫ്.എച്ച്.എസ്-5). അഞ്ചുവര്‍ഷത്തിനിടെ, ഉയരക്കുറവുള്ള അഞ്ചുവയസ്സില്‍ താഴെയുള്ളവരുടെ ശതമാനം 19.7-ല്‍നിന്ന് 23.4 ശതമാനമായി. തൂക്കക്കുറവുള്ളവര്‍ 16.1-ല്‍നിന്ന് 19.7 ശതമാനവുമായി. രക്തക്കുറവ് കാരണം വിളര്‍ച്ച ബാധിച്ച കുട്ടികള്‍ 35.7 ശതമാനത്തില്‍നിന്ന് 39.4 ആയി. അമിത ഭാരമുള്ളവര്‍ 3.4 ശതമാനത്തില്‍നിന്ന് നാല് ആയി.

തൂക്കക്കുറവുള്ള കുട്ടികള്‍ ഏറ്റവുമധികം പാലക്കാടാണ്. ഭൂരിഭാഗം ജില്ലകളിലും 2015-16 സര്‍വേയെ അപേക്ഷിച്ച് പോഷകാഹാരക്കുറവ് കാരണം ആരോഗ്യപ്രശ്‌നമുള്ളവരുടെ എണ്ണം കൂടി. 2022-ഓടെ കുട്ടികളിലെ പോഷകാഹാരക്കുറവ് ഇല്ലാതാക്കാനുള്ള 'സമ്പുഷ്ട കേരളം' പദ്ധതി നടപ്പാക്കുന്നുണ്ടെങ്കലും ലക്ഷ്യം അകലെയാണ്.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനില്‍ക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരിലാണ് കുട്ടികളിലെ പോഷകാഹാരക്കുറവ് കൂടുതലായി കാണുന്നത്. അങ്കണവാടികളും സ്‌കൂളുകളും ആരോഗ്യകേന്ദ്രങ്ങളും വഴി കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കാനുള്ള സംവിധാനം സംസ്ഥാനത്തുണ്ട്. എന്നാല്‍, ദുര്‍ബല വിഭാഗങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേകം പദ്ധതികള്‍ വേണ്ടതുണ്ടെന്ന് പഠനം നടത്തുന്ന ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അച്യുതമേനോന്‍ സെന്ററിലെ ഗവേഷകന്‍ കെ.യു. സാബു പറയുന്നു.

തൂക്കക്കുറവുള്ളവര്‍(ശതമാനം)
പാലക്കാട്- 27.7
ആലപ്പുഴ- 20.4
ഇടുക്കി- 23.6
കാസര്‍കോഡ്- 21.4
മലപ്പുറം- 21.4
എറണാകുളം- 19.4

ഉയരക്കുറവുള്ളവര്‍(ശതമാനം)
വയനാട്- 31.3
പാലക്കാട്- 29.7
മലപ്പുറം- 29.4
കാസര്‍കോഡ്- 25.3
ഇടുക്കി- 24.3
എറണാകുളം- 22

വിളര്‍ച്ചയുള്ളവര്‍(ശതമാനം)​
പാലക്കാട്- 51.9
തൃശ്ശൂര്‍- 48
മലപ്പുറം- 47
വയനാട്- 45
പത്തനംതിട്ട- 44

വിശദമായ സര്‍വേ നടത്തി നടപടി സ്വീകരിക്കും
ദേശീയ സര്‍വേയിലെ വിവരങ്ങള്‍ വിശകലനം ചെയ്തുവരികയാണ്. പുറത്തുവന്നത് യഥാര്‍ഥ ചിത്രമാണോയെന്നു സംശയമുണ്ട്. ആദിവാസി, കടലോര മേഖലകളില്‍ പോഷകാഹാരക്കുറവ് രൂക്ഷമാണ്. ആരോഗ്യവകുപ്പും സാമൂഹികനീതി വകുപ്പും ചേര്‍ന്ന് മുപ്പതിനായിരം പേരെയെങ്കലും പങ്കെടുപ്പിച്ചുള്ള വിശദമായ സര്‍വേ നടത്തും. അതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും.

-ബിജു പ്രഭാകര്‍ (സാമൂഹിക നീതി, വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി)

Content Highlights: NFHS report says Malnutrition in Children, Health, Kids Health