പ്രതീകാത്മക ചിത്രം
വാഷിങ്ടണ്‍: ഫാസ്റ്റ്ഫുഡ് ശീലമാക്കിയവരുടെ ശ്രദ്ധയ്ക്ക്- ഫാറ്റിലിവറാണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് പുതിയ പഠനം. യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ കെക്ക് മെഡിസിന് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ക്ലിനിക്കല്‍ ഗ്യാസ്ട്രോഎന്‍ട്രോളജി ആന്‍ഡ് ഹെപ്പറ്റോളജി എന്ന മെഡിക്കല്‍ മാഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ഫാസ്റ്റ്ഫുഡിന്റെ ഉപഭോഗം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവറുണ്ടാക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. കരളില്‍ കൊഴുപ്പടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണിത്. സ്ഥിരമായി ഫാസ്റ്റ്ഫുഡ് കഴിക്കുന്നവരില്ത്തന്നെ അമിതവണ്ണമുള്ളവരിലും പ്രമേഹമുള്ളവരിലും ഫാറ്റിലിവറിനുള്ള സാധ്യത കൂടുതലാണ്. ദിവസേന ഉള്ളില്‍ച്ചെല്ലുന്ന കലോറിയുടെ 20 ശതമാനമോ അതിലധികമോ ജങ്ക്ഫുഡില്നിന്നാണെങ്കിൽ ഇക്കൂട്ടര്‍ക്ക് രോഗസാധ്യത ഉറപ്പ്. സാധാരണ ആളുകളില്‍, ഭക്ഷണക്രമത്തിന്റെ അഞ്ചിലൊന്നുഭാഗമോ അതിലധികമോ ഹോട്ടലുകളില്നിന്നാവുമ്പോഴാണ് പ്രശ്നസാധ്യത.
ദിവസം ഒരുനേരംമാത്രം റെസ്റ്റോറന്റില്നിന്നുകഴിച്ചാല് എന്താണ് കുഴപ്പമെന്ന് ചിന്തിക്കുന്നവരാണ് അധികവും. എന്നാല്‍ ഒരു ദിവസത്തെ മൊത്തം കലോറിയുടെ അഞ്ചിലൊന്ന് ശതമാനം ഇവിടെനിന്നാണെങ്കില് അപ്പോള്‍ ആരോഗ്യം അപകടത്തിലാവുകയാണെന്നാണ് ഹെപ്പറ്റോളജിസ്റ്റും പഠനത്തിന്റെ മുഖ്യഗവേഷകയുമായ ആനി കര്ദാഷിയന് പറയുന്നത്. ഫാസ്റ്റ്ഫുഡിന്റെ ഉപഭോഗം അമിതവണ്ണമുണ്ടാക്കുമെന്നുളള പഠനങ്ങളൊക്കെ മുമ്പ് നടന്നിട്ടുണ്ടെങ്കിലും ഇത് കരളിനെ ബാധിക്കുമെന്ന് തിരിച്ചറിയുന്നത് ഇതാദ്യമാണെന്നും കര്ദാഷിയന് പറയുന്നു.
ആരോഗ്യവാനായ ഒരാളുടെ കരളില്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ് കൊഴുപ്പ് കാണപ്പെടുക. ഇതില്‍നിന്നും ചെറിയ വ്യതിയാനം ഉണ്ടായാലും നോണ്‍ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ് ഉണ്ടാവാന്‍ സാധ്യതയുണ്ട്. ലിവര്‍ സ്റ്റിയാറ്റോസിസ് എന്നും ഇത് അറിയപ്പെടാറുണ്ട്. പിന്നീട് ലിവര്‍ സിറോസിസ്, ലിവര്‍ സ്കാറിങ്, ലിവര്‍ കാൻസർ മുതലായ ഗുരുതരമായ അവസ്ഥകളിലേയ്ക്ക് നയിക്കാറുമുണ്ട്.
അമേരിക്കയിലെ 30 ശതമാനം ജനസംഖ്യയേയും കീഴ്പ്പെടുത്തുന്ന അസുഖമാണിത്. ഏകദേശം 4000 ഫാറ്റിലിവര്‍ രോഗികളിൽ നടത്തിയ പരിശോധനയിലാണ് 52 ശതമാനം പേരും ഫാസ്റ്റ്ഫുഡ് ശീലമാക്കിയവരാണെന്ന ധാരണത്തിലെത്തിയത്. സാമൂഹിക-സാമ്പത്തികവ്യത്യാസമില്ലാതെ ഫാസ്റ്റ്ഫുഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കഴിഞ്ഞ 50 വര്‍ഷമായി ക്രമാതീതമായി കൂടിവരുന്നുണ്ട്. കോവിഡ് കാലത്ത് മുഴുവന്‍സമയവും റെസ്റ്റോറന്റുകളില്‍നിന്നുള്ള ഭക്ഷണം കഴിച്ചിരുന്നവരുമുണ്ട്. അതിനാല്‍ ഈ പഠനത്തിന് ഇപ്പോള്‍ പ്രസക്തിയുണ്ടെന്നും കര്ദാഷിയന് പറഞ്ഞു.
Content Highlights: new study in california says consumption of fast food causes fatty liver
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..