കോവിഡിനെയും വിവിധ വകഭേദങ്ങളെയും പ്രതിരോധിക്കാന്‍ പുതിയ വാക്‌സിന്‍ വരുന്നു. ഉത്പാദിപ്പിക്കാന്‍ എളുപ്പം, ശീതീകരണ സംവിധാനം ആവശ്യമില്ല എന്നതാണ് ഈ വാക്‌സിന്റെ പ്രത്യേകത. പ്രോട്ടീന്‍ അടിസ്ഥാനമാക്കിയാണ് ഈ വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. 

യു.എസിലെ ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഗവേഷകസംഘമാണ് ഈ കണ്ടെത്തലിന് പിന്നില്‍. പി.എന്‍.എ.എസ്. ജേണലിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഉള്ളത്.

നിലവില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകള്‍ക്കെല്ലാം ശീതീകരണ സംവിധാനം ആവശ്യമാണ്. അതിനാല്‍ തന്നെ വാക്‌സിന്‍ വലിയ തോതില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ വികസ്വര, അവികസിത രാജ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. 

പുതിയ വാക്‌സിന്റെ ഡിസൈന്‍ നിലവിലെ ആഗോള വാക്‌സിനേഷന്‍ തോതിലെ കുറവ് പരിഹരിക്കാനും, മറ്റ് രോഗങ്ങള്‍ക്കെതിരെ ഉപയോഗിക്കാനും സഹായിക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. സാധാരണ താപനിലയില്‍ ഏഴുദിവസം വരെ ഇത് സൂക്ഷിച്ചുവക്കാനാകുമെന്ന് ഗവേഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഈ വാക്‌സിന് രണ്ട് ഘടകങ്ങളുണ്ട്; നാനോബോഡികളും, വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീന്റെ ഭാഗങ്ങളും. സ്‌പൈക് പ്രോട്ടീന്‍ മുഴുവനായോ വൈറസിന്റെ മറ്റ് ഭാഗങ്ങളോ ഇതിനോട് യോജിപ്പിക്കാനാവുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ നൊവാലിയ പിശേഷ പറഞ്ഞു. കോവിഡ് വൈറസിന്റെ വകഭേദങ്ങള്‍ക്ക് അനുസരിച്ച് വളരെ എളുപ്പത്തില്‍ ഈ വാക്‌സിനുകളില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്നും ഗവേഷണ സംഘം കൂട്ടിച്ചേര്‍ത്തു. 

എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ കൊറോണ വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനെതിരെ ശക്തമായ പ്രതിരോധ പ്രതികരണം വാക്‌സിന്‍ ഉണ്ടാക്കിയിട്ടുണ്ട്. ശരീരത്തിലെ മറ്റ് പ്രതിരോധ സംവിധാനങ്ങളെ ഉണര്‍ത്തുന്ന ടി കോശങ്ങളെയും വാക്‌സിന്‍ ഉത്തേജിപ്പിച്ചിട്ടുണ്ട്. 

വിവിധ മരുന്ന് നിര്‍മ്മാണ കേന്ദ്രങ്ങളില്‍ എളുപ്പത്തില്‍ നിര്‍മ്മിക്കാനാകും. അതിനാല്‍ തന്നെ വിതരണം ചെയ്യുന്നതിന് അടുത്ത് തന്നെ വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും. 

Content Highlights: New protein-based covid-19 vaccine that doesn't need cold storage, New Covid19 Vaccine