കോവിഡിനെതിരെ ലോകം മുഴുവൻ വാക്സിൻ നൽകുമ്പോൾ ഇസ്രായേലിൽ നിന്നൊരു സന്തോഷവാർത്ത.
അഞ്ച് ദിവസം കൊണ്ട് കോവിഡ് ഭേദമാക്കുന്ന അദ്ഭുത ഇൻഹേലർ രൂപത്തിലുള്ള മരുന്നാണ് ഇസ്രയേലിൽ കണ്ടെത്തിയതായി റിപ്പോർട്ടുള്ളത്. നദീർ ആർബെർഎന്ന പ്രൊഫസറാണ് ഇതിന് പിന്നിൽ. എക്സോ- സിഡി24 എന്ന മരുന്നാണ് ഇൻഹേലർ രൂപത്തിൽ കോവിഡ് രോഗികൾക്ക് നൽകിയത്.
ഇൻഹേലറിന് 96 ശതമാനം കാര്യക്ഷമതയുള്ളതായാണ് റിപ്പോർട്ട്. ടെൽ അവീവിലെ സൗരാസ്കി മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുന്ന 30 രോഗികളിൽ 29 പേരും ഇൻഹേലറിന്റെ സഹായത്തോടെ വളരെ വേഗത്തിൽ രോഗമുക്തി നേടിയെന്ന് അധികൃതർ അവകാശപ്പെട്ടു. ഇവർക്ക് 3-5 ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാനായി. ഒരു തവണയാണ് ഇവർ മരുന്ന് ഉപയോഗിച്ചത്.
കോവിഡ് രോഗികളിൽ രോഗപ്രതിരോധശേഷി അമിത പ്രവർത്തനത്തിലേക്ക് പോകുന്ന അവസ്ഥയുണ്ട്. ചെറിയ പ്രോട്ടീനുകളായ സൈറ്റോകൈനുകൾ വലിയ തോതിലാണ് ഈ പ്രക്രിയയിലൂടെ പുറത്തുവരുന്നത്. ഇങ്ങനെ സൈറ്റോകൈനുകുകൾ കൂടിയ അളവിൽ ഉണ്ടാകുന്നതിനെ സൈറ്റോകൈൻ സ്റ്റോം എന്നാണ് പറയുന്നത്. ഇത് രോഗിയിൽ അണുബാധയ്ക്ക് കാരണമാവുകയും മരണത്തിന് ഇടയാക്കുകയും ചെയ്യും. ഇത്തരത്തിലുള്ള സൈറ്റോകൈൻ സ്റ്റോമിനെ പ്രതിരോധിക്കുകയാണ് എക്സോ സിഡി24 എന്ന മരുന്ന് ഇൻഹേലർ രൂപത്തിൽ നൽകുന്നതിലൂടെ സംഭവിക്കുന്നത്.
കോശങ്ങളുടെ പുറത്ത് കാണുന്ന സിഡി24 എന്ന പ്രോട്ടീന് ശരീരത്തിന്റെ പ്രതിരോധശേഷിയെ നിയന്ത്രിക്കുന്നതിൽ വലിയ പങ്കുണ്ട്. കോശസ്തരത്തിൽ നിന്ന് പുറത്തുവരുന്ന എക്സോസോമുകളും സിഡി 24 പ്രോട്ടീനും സമ്പുഷ്ടമാക്കിയതാണ് നേരിട്ട് ശ്വാസകോശത്തിലേക്ക് നൽകുന്നതെന്ന് നദീർ ആർബെർ വ്യക്തമാക്കി.
ഇൻഹേലർ ദിവസത്തിൽ ഒരിക്കൽ കുറച്ചു സമയം വീതം അഞ്ചുദിവസം ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ഇത് നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തിക്കും. അതാണ് ഇൻഹേലർ ഉപയോഗിച്ചുള്ള ചികിത്സാരീതിയെന്ന് ആർബെർ പറയുന്നു.
മരുന്ന് ഇപ്പോൾ ക്ലിനിക്കൽ ട്രയൽ ഘട്ടങ്ങളിലാണ്. പൂർത്തിയായാൽ ഇത് കോവിഡ് ചികിത്സാരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഇടയാകും.
പൊതുജനങ്ങളിലേക്ക് ഈ ചികിത്സാരീതി ലഭ്യമാക്കാൻ ദേശീയ- അന്തർദേശീയ ആരോഗ്യ അധികൃതരുടെ അനുമതി ആവശ്യമാണ്. അതിനാൽ തന്നെ ഇതിന്റെ കൂടുതൽ ക്ലിനിക്കൽ പരീക്ഷണത്തിനായി അധികൃതർ ഇസ്രായേൽ ആരോഗ്യമന്ത്രാലയത്തിന് അപേക്ഷ നൽകിയിരിക്കുകയാണ്. അനുമതി ലഭ്യമായാൽ വൈകാതെ തന്നെ കൂടുതൽ ആളുകളിലേക്ക് ഇൻഹേലർ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകസംഘം.
Content Highlights:New Israeli drug cured moderate to serious Covid19 cases within 5 days, Health, Covid19,Corona Virus