ന്യൂഡല്‍ഹി: കോവിഡ് പോസീറ്റിവായി വീട്ടില്‍ ഏഴുദിവസം സമ്പര്‍ക്കവിലക്കില്‍ കഴിയുന്നയാള്‍ക്ക് അവസാന മൂന്നുദിവസങ്ങളില്‍ പനിയില്ലെങ്കില്‍ പരിശോധനകൂടാതെ ക്വാറന്റീന്‍ അവസാനിപ്പിക്കാമെന്ന് ആരോഗ്യമന്ത്രാലയം. സമ്പര്‍ക്കപ്പട്ടികയില്‍പ്പെടുന്നവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കില്‍ പരിശോധന ആവശ്യമില്ലെന്നും ഏഴുദിവസത്തെ ക്വാറന്റീന്‍മാത്രം മതിയാകുമെന്നും വീട്ടിലെ സമ്പര്‍ക്കവിലക്ക് സംബന്ധിച്ച പുതിയ മാര്‍ഗരേഖ വ്യക്തമാക്കുന്നു.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

  • കോവിഡ് ബാധിച്ച് രോഗലക്ഷണങ്ങളില്ലാത്തവര്‍, ഗുരുതര രോഗങ്ങളില്ലാത്തവര്‍, 60 വയസ്സിന് താഴെയുള്ളവര്‍ എന്നിവര്‍ക്കാണ് ഡോക്ടറുടെ ഉപദേശപ്രകാരം പ്രധാനമായും വീട്ടിലെ സമ്പര്‍ക്കവിലക്ക് നിര്‍ദേശിക്കുന്നത്.
  • വായുസഞ്ചാരമുള്ള മുറിയാകണം ഇതിനായി തിരഞ്ഞെടുക്കേണ്ടത്.
  • മൂന്നുപാളികളുള്ള മുഖാവരണം സദാ ധരിച്ചിരിക്കണം.
  • എട്ടുമണിക്കൂറില്‍ മുഖാവരണം മാറ്റണം.
  • ഉപയോഗശൂന്യമായ മുഖാവരണം കഷ്ണങ്ങളാക്കി 72 മണിക്കൂര്‍വരെ കടലാസ് ബാഗില്‍ സൂക്ഷിച്ചശേഷംമാത്രം നശിപ്പിച്ചുകളയണം.
  • 24 മണിക്കൂറും ഇവര്‍ക്ക് വൈദ്യസഹായം, ആഹാരം എന്നിവ എത്തിക്കാന്‍ സഹായി ആവശ്യമാണ്.
  • ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം ഇവരുമായി ആശയവിനിമയം നടത്തണം.
  • എന്‍-95 മാസ്‌ക് ധരിച്ചാകണം സഹായി രോഗിയുടെ മുറിയില്‍ പ്രവേശിക്കേണ്ടത്. ആ സമയം രോഗിയും എന്‍-95 മാസ്‌ക് ധരിക്കണം.
  • സാനിറ്റൈസര്‍ ഉപയോഗിക്കണം. കൈകള്‍ സോപ്പുപയോഗിച്ച് ഇടക്കിടെ കഴുകണം.

Content Highlights: New home quarantine guidelines for covid19