തിരുവനന്തപുരം: കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച കേന്ദ്രനിര്‍ദേശം ലഭിക്കുന്നമുറയ്ക്ക് സംസ്ഥാനവും മാര്‍ഗരേഖ പുതുക്കും. കഴിഞ്ഞവര്‍ഷം മുതലുള്ള മരണങ്ങള്‍ ഇത്തരത്തില്‍ പുനഃപരിശോധിക്കേണ്ടിവന്നാല്‍ മരണക്കണക്കില്‍ വന്‍വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്.

കോവിഡ് പോസിറ്റീവ് ആയി ഒരുമാസത്തിനകം മരിച്ചാല്‍ അത് കോവിഡ് മരണമായി കണക്കാക്കാമെന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. ഇതോടെ, മരണകാരണം നിശ്ചയിച്ചതു സംബന്ധിച്ച പരാതികളുണ്ടായാല്‍ അവകൂടി പരിശോധിച്ച് നടപടി സ്വീകരിക്കേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. ബന്ധുക്കള്‍ക്ക് പ്രത്യേക ചോദ്യാവലി നല്‍കി വിശദീകരണം കേട്ടും ആശുപത്രിരേഖകള്‍ പരിശോധിച്ചും ഇത്തരം പരാതികളില്‍ തീരുമാനമെടുക്കാനാവുമെന്നാണ് കരുതുന്നത്.

രോഗം ബാധിച്ച് രണ്ടാഴ്ചയ്ക്കുശേഷം പരിശോധനയില്‍ നെഗറ്റീവ് ആയ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം ഒട്ടേറെപ്പേര്‍ കുഴഞ്ഞുവീണും മറ്റും മരിച്ചിട്ടുണ്ട്. എന്നാല്‍, ആശുപത്രിയില്‍ ചികിത്സയിലല്ലാത്തതിനാലും മരണസമയത്ത് അവര്‍ കോവിഡ് പോസിറ്റീവ് അല്ലാത്തതിനാലും കോവിഡ് മരണക്കണക്കില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പരാതിയുണ്ടായാല്‍ ഇത്തരം മരണങ്ങളെല്ലാം പുനഃപരിശോധിക്കേണ്ടിവരും. കോവിഡ് ബാധിച്ചിരുന്നുവെങ്കിലും രോഗിക്കുണ്ടായിരുന്ന മറ്റു ഗുരുതര രോഗങ്ങളാണ് മരണകാരണമെന്നു ചൂണ്ടിക്കാട്ടിയാണ് ഇത്തരം മരണങ്ങള്‍ ആരോഗ്യവകുപ്പ് കോവിഡ് പട്ടികയില്‍നിന്നൊഴിവാക്കിയിരുന്നത്. കോവിഡ് മരണങ്ങളില്‍ 95 ശതമാനവും പോസിറ്റീവ് ആയി 25 ദിവസത്തിനകമാണെന്ന് മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

ആരോഗ്യവകുപ്പിന്റെ കണക്കുകളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ക്രോഡീകരിച്ച കണക്കുകളും തമ്മില്‍ 7316 മരണങ്ങളുടെ വ്യത്യാസമുള്ളതായി വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാട്ടി ജൂലായ് മാസം പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. അന്ന് പതിനാറായിരത്തിലധികമായിരുന്നു ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരമുള്ള കോവിഡ് മരണം. ഇന്‍ഫര്‍മേഷന്‍ കേരളയുടെ കണക്കുകളനുസരിച്ച് ആകെ മരണം 23,486-ഉം.

2020 മാര്‍ച്ച് 28-നാണ് സംസ്ഥാനത്ത് ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞദിവസംവരെയുള്ള മരണം 22,551 ആയി ഉയര്‍ന്നിട്ടുണ്ട്.

Content Highlights: New Covid19 death guidelines by central government, Health, Covid19