പ്രമേഹം പരിശോധിക്കുന്നതുപോലെ ലളിതമായൊരു രക്തപരിശോധനയിലൂടെ ഹൃദയാഘാതവും പ്രവചിക്കാം. ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞരാണ് ഇത്  വികസിപ്പിച്ചെടുത്തത്. സാധാരണയല്ലാത്ത കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ഹൃദയഭംഗം തിരിച്ചറിയാനാണ് ഇത് കൂടുതല്‍ ഉപയോഗപ്പെടുക.

ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങള്‍ പെട്ടെന്ന് കണ്ടെത്താനാകുമെന്നാണ് ഓസ്‌ട്രേലിയയിലെ ഹാര്‍ട്ട് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക സംഘം അവകാശപ്പെടുന്നത്. എത്രത്തോളം അപകടസാധ്യതയുണ്ടെന്നുള്ളത് മനസ്സിലാക്കി ആവശ്യമായ ചികിത്സ സമയത്ത് ലഭ്യമാക്കാന്‍ ഇത് ഉപകരിക്കുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ പീറ്റര്‍ മൈക്കല്‍ പറഞ്ഞു.

പ്രമേഹ പരിശോധനയ്ക്ക് സമാനമായി കുറഞ്ഞ ചെലവില്‍ പരിശോധന നടത്താവുന്നതാണ്. കൊഴുപ്പിന്റെ ആയിരക്കണക്കിന് അംശങ്ങളാണ് രക്തത്തില്‍ അടങ്ങിയിരിക്കുന്നത്. ഇതില്‍ ഹൃദയാഘാതത്തിന്റെ സൂചന നല്‍കുന്ന കൊഴുപ്പ് തിരിച്ചറിയുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.

പഠനത്തിനൊടുവില്‍,  രക്തത്തില്‍ ഹൃദയാഘാതത്തിന്റെ സൂചന നല്‍കുന്ന പത്ത് തരം കൊഴുപ്പുകള്‍ തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 10,000 ത്തോളം സാമ്പിളുകളാണ് ഇവര്‍ പഠിച്ചത്.

രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഓസ്‌ട്രേലിയയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരം രക്തപരിശോധന പ്രാവര്‍ത്തികമാക്കുമെന്നും സംഘം അറിയിച്ചു. ജെ.സി.ഐ.ഇന്‍സൈറ്റ് ജേണലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

content highlight: New blood test could predict second heart attack risk