അമ്പതിലേറെതരം അര്‍ബുദങ്ങള്‍ രക്തപരിശോധനയിലൂടെ കണ്ടെത്താനാകുമെന്ന് പഠനം. കൃത്രിമബുദ്ധിയുടെ സഹായത്തോടെയാണ് പ്രത്യേക രക്തപരിശോധനാസംവിധാനം വികസിപ്പിച്ചെടുത്തത്.
അര്‍ബുദരോഗികളായ 1531 പേരുടെയും രോഗമില്ലാത്ത 1521 പേരുടെയും രക്തസാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവരുടെ ഡി.എന്‍.എ. യിലെ മീഥൈലേഷന്‍ മാതൃകകളിലെ വ്യത്യാസമനുസരിച്ച് വ്യത്യസ്തഗ്രൂപ്പുകളായി തരംതിരിക്കുകയും ഏതുതരം അര്‍ബുദമാണെന്ന് കണ്ടെത്തുകയുമായിരുന്നു.
അര്‍ബുദം സ്ഥിരീകരിച്ചവരില്‍ അമ്പതിലധികം തരം രോഗാവസ്ഥകള്‍ പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. രോഗനിര്‍ണയത്തില്‍ 44 ശതമാനമാണ് പരിശോധനയുടെ നിലവിലെ കൃത്യത.
അര്‍ബുദരോഗനിര്‍ണയത്തില്‍ പുതിയൊരു മാര്‍ഗം വാഗ്ദാനം ചെയ്യുന്നതിനാല്‍ ഫലങ്ങള്‍ ആവേശകരമാണെന്ന് സംഘം പറയുന്നു. പരിശോധനയുടെ ആധികാരികതയെക്കുറിച്ചുള്ള വിശകലനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ബോസ്റ്റണിലെ ദാനാ ഫാര്‍ബര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടറായ ജോഫ്രി ഓക്‌സനാര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനറിപ്പോര്‍ട്ട് 'അന്നല്‍സ് ഓഫ് ഓങ്കോളജി ജേണലി'ലാണ് പ്രസിദ്ധീകരിച്ചത്. അര്‍ബുദം നേരത്തേ കണ്ടെത്താനും ചികിത്സിക്കാനും പഠനം സഹായിക്കുമെന്നാണ് കരുതുന്നത്.
Content Highlights: New Blood Test Could Detect More Than 50 Cancer Types