പ്രതീകാത്മക ചിത്രം | Photo: Canva.com
ന്യൂഡല്‍ഹി: ഇന്ത്യയിലെ 60 വയസ്സിനുമുകളിലുള്ളവരില്‍ ഒരു കോടിയില്‍പ്പരം പേർ ഡിമന്‍ഷ്യ ബാധിതരെന്ന് പഠനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് വിവരശേഖരണം നടത്തിയ ഈ പഠനഫലം 'ന്യൂറോഎപ്പിഡെമിയോളജി' എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. 31,770 പേരിൽ നിന്നാണ് പഠനത്തിനുളള സാമ്പിള്‍ശേഖരണം നടത്തിയത്.
രാജ്യത്തെ ഡിമന്‍ഷ്യ വ്യാപനനിരക്ക് 8.44 ശതമാനമാണെന്നാണ് അന്താരാഷ്ട്രഗവേഷകസംഘം കണ്ടെത്തിയത്. അതായത്, ഒരുകോടിഎണ്‍പതിനായിരമാളുകള്‍. യുഎസില്‍ ഇത് 8.8 ശതമാനമാണ്, യുകെയില്‍ 9 ശതമാനവും. ജെര്‍മനിയിലും ഫ്രാന്‍സിലും 8.5നും 9നും ഇടയിലാണ് ഡിമന്‍ഷ്യബാധിതരുടെ ശതമാനക്കണക്കെന്നും ഗവേഷകസംഘം പറയുന്നു. ഡിമന്‍ഷ്യ ബാധിച്ചവരില്‍ കൂടുതല്‍പേരും പ്രായം കൂടുതലുള്ളവരോ, സ്ത്രീകളോ, വിദ്യാഭ്യാസം ലഭിക്കാത്തവരോ, ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരോ ആണെന്ന് ഗവേഷകര്‍ കണ്ടെത്തി.
മുപ്പതിനായിരത്തിലധികം പ്രായമായവര്‍ പങ്കെടുക്കുന്ന രാജ്യത്തെ ആദ്യത്തെ പഠനമാണിത്. മാത്രമല്ല, ദേശീയതലത്തില്‍ പ്രാതിനിധ്യമുള്ള പഠനത്തെ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ ഗവേഷണമെന്നും ഉപഗവേഷകനും യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് സറേയിലെ ലെക്ചററുമായ ഹയോമിയാവോ ജിന്‍ അറിയിച്ചു. ഇത്തരത്തിലുള്ള വലുതും സങ്കീര്‍ണവുമായ കണക്കുകളെ വേര്‍തിരിച്ച് വിശകലനം നടത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പ്രത്യേകകഴിവുണ്ട്. ലോക്കല്‍ സാമ്പിളുകള്‍വെച്ചുനടത്തിയ മുന്‍പഠനങ്ങളില്‍ തെളിഞ്ഞതിനേക്കാള്‍ കൂടുതലാണ് ഡിമന്‍ഷ്യവ്യാപനനിരക്കെന്ന് തങ്ങളുടെ പഠനത്തിലൂടെ കണ്ടെത്തിയതായും ജിന്‍ അറിയിച്ചു.
യൂണിവേഴ്‌സിറ്റി ഓഫ് സറേ, യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ, യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗന്‍, ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളിലെ സംഘം ചേര്‍ന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ലേണിങ് മോഡല്‍ തയ്യാറാക്കിയത്. വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ടവരില്‍ എങ്ങനെയാണ് അസുഖം ബാധിക്കുന്നതെന്നും കൃത്യമായ ഇടപെടലുകളിലൂടെ എങ്ങനെ ആളുകളുടെ ജീവന്‍ രക്ഷിക്കാമെന്നും പ്രസ്തുത പഠനത്തിലൂടെ സാധിച്ചുവെന്ന് യൂണിവേഴ്‌സിറ്റി ഓഫ് സറേയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ സെന്റേര്‍ഡ് എ.ഐ. യിലെ പ്രൊഫസര്‍ അഡ്രിയന്‍ ഹില്‍ട്ടണ്‍ പറയുന്നു.
Content Highlights: new artificial intelligence study says more than one crore people in india are affected by dementia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..