തിരുവനന്തപുരം: വൻകിട സ്വകാര്യ ആശുപത്രികളിൽ മാത്രം നടന്നിരുന്ന ത്രീഡി ലാപ്രോസ്കോപ്പിക് മെഷീൻ വഴിയുള്ള ശസ്ത്രക്രിയ സർക്കാർ മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ നടത്തി. ഇവിടെ ചികിത്സയിലായിരുന്ന 57-കാരിക്ക് ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയയാണ് ബുധനാഴ്ച നടന്നത്. ലാപ്രോസ്‌കോപ്പി വിഭാഗത്തിന്റെ ചുമതലയുള്ള ഡോ. ജയശ്രീ വി.വാമന്റെ നേതൃത്വത്തിലാണ് ആദ്യ ശസ്ത്രക്രിയ നടത്തിയത്. സൂക്ഷ്മമായ ആന്തരികാവയവങ്ങളുടെ ചിത്രങ്ങൾ മാത്രമല്ല, ഡോക്ടർമാരുടെ കൈപ്പാടുകളുടെ ചിത്രംപോലും വ്യക്തമായി ഒപ്പിയെടുക്കാൻ ത്രീഡി ലാപ്രോസ്കോപ്പിക് മെഷീനു കഴിയും. വലിയ മുറിവുകൾ ഒഴിവാക്കി കുറഞ്ഞ സമയത്തിനുള്ളിൽ ശസ്ത്രക്രിയ സാധ്യമായതിനാൽ തൊട്ടടുത്ത ദിവസം ആശുപത്രിവിടാനുമാകും.
ഫൈബ്രോയ്ഡിന്റെയും അർബുദത്തിന്റെയും ഗർഭപാത്രം നീക്കംചെയ്യുന്നതിന്റെയുമെല്ലാം ശസ്ത്രക്രിയകൾ നടത്തുമ്പോൾ ടു ഡി ലാപ്രോസ്‌കോപിക് മെഷീനേക്കാൾ രക്തധമനികളുടേതടക്കം വ്യക്തവും ആഴത്തിലുള്ളതുമായ ചിത്രങ്ങൾ ലഭ്യമാക്കാൻ പുതിയ മെഷീനിലെ ക്യാമറാക്കണ്ണുകൾക്കാവും. അതുകൊണ്ടുതന്നെ ആന്തരികാവയവങ്ങൾക്ക് പരിക്കേൽക്കാതെ കൂടുതൽ സുരക്ഷിതമായി ശസ്ത്രക്രിയ നടത്താനാകും. പരമാവധി ഒന്നര മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ പൂർത്തിയാക്കാനുമാവും. രക്തനഷ്ടവും ഒഴിവാക്കാം. ചിത്രങ്ങൾ വ്യക്തമല്ലെങ്കിൽ ശസ്ത്രക്രിയാവേളയിൽ ആന്തരികാവയവങ്ങൾക്ക് പരിക്കേൽക്കാനുള്ള സാധ്യത ഏറെയാണ്.
സ്വകാര്യ ആശുപത്രികൾ നാലു ലക്ഷം രൂപ വരെ ഈടാക്കുന്ന ശസ്ത്രക്രിയകളാണ് എസ്.എ.ടി.യിലെ പുതിയ മെഷീനിൽ സാധാരണക്കാരായ രോഗികൾക്ക് സാധ്യമാകുന്നത്. ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാണ് സംസ്ഥാന സർക്കാർ എസ്.എ.ടി.യിൽ മെഷീൻ സ്ഥാപിച്ചത്.
ഡോ. ശിൽപ നായർ, ഡോ. മായാദേവി ബ്രഹ്മാനന്ദൻ, ഡോ. പ്രിയദർശിനി, ഡോ. ലക്ഷ്മി പ്രദീപ് എന്നിവരും അനസ്‌തേഷ്യാ വിഭാഗത്തിൽനിന്ന് അസോസിയേറ്റ് പ്രൊഫസർ ഡോ. ജയകുമാർ, ജൂനിയർ റസിഡന്റ് ഡോ. അഞ്ജു, ഹെഡ് നഴ്‌സുമാരായ ഷമീല, ടെസ്ബി ആശ (സ്‌ക്രബ് നഴ്‌സ്) എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.
Content Highlights: new 3D laparoscopic machine surgery success at SAT hospital