ഡോ. പി.എം. മാധവനും ഭാര്യ ഡോ. ഗിരിജയും മോഹൻലാലിനൊപ്പം
ഒറ്റപ്പാലം: പ്രശസ്ത ന്യൂറോ സൈക്യാട്രിസ്റ്റ് ഒറ്റപ്പാലം സുന്ദരയ്യര്‍ റോഡേ കേദാരം വീട്ടില്‍ ഡോ. പി.എം. മാധവന് അന്തരിച്ചു. സൈക്യാട്രി അസോസിയേഷന് മുന്‍ സംസ്ഥാന അധ്യക്ഷനാണ്. ഇന്ത്യന്‍ സൈക്യാട്രി സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സൗത്ത് സോണ്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്ന നിലയിലും സേവനം അനുഷ്ഠിച്ചിരുന്നു.
രണ്ടുകാലുകളും തളര്‍ന്ന് ചക്രക്കസേരയിലായിരുന്നിട്ടും വര്‍ഷങ്ങളോളം വീട്ടില്‍ രോഗികളെ ചികിത്സിച്ചിരുന്നു. ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ ഡോ. കെ.പി. ഗിരിജ(ശിശുരോഗ വിദഗ്ധ), മക്കള്‍: പാര്‍വതി(ഓസ്ട്രേലിയ), നീതി നായര്‍(ചെന്നൈ). മരുമക്കള്‍: ലോകനാഥ് കാര്ത്തികേയന്(ഓസ്ട്രേലിയ), നിഖില്‍ നാഗ്പാല്‍( ചെന്നൈ).
ചിരിയിലൂടെ മനസ്സിന് കരുത്തേകിയ ഡോക്ടര്‍
ഒറ്റപ്പാലം: ശാരീരിക പരിമിതികളില്‍ തളരരുത്. പകരം ആ വൈകല്യങ്ങളെ ഊര്ജമാക്കണം. കര്‍മനിരതനാകണം. വെള്ളിയാഴ്ച അന്തരിച്ച പ്രശസ്ത ന്യൂറോ സൈക്യാട്രിസ്റ്റ് ഡോ. പി.എം. മാധവന് ജീവിതംകൊണ്ട് ഇതെല്ലാം പ്രാവര്ത്തികമാക്കിയയാളാണ്. ജീവിതം ഡോക്ടറെ ചക്രക്കസേരയിലെത്തിച്ചെങ്കിലും അദ്ദേഹം വെറുതെയിരുന്നില്ല. ആ അവസ്ഥയിലും അസുഖവുമായെത്തുന്നവരെ പരിശോധിച്ചിരുന്നു. കിടപ്പായസമയത്തും അത് തുടര്‍ന്നു. വിഷാദരോഗികളുടെ സങ്കടങ്ങള്‍ ഒപ്പിയെടുക്കുകയാണ് തന്റെ ജോലിയെന്ന് അദ്ദേഹം പറയുമായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഡോ. മാധവന് സ്വര്‍ണമെഡലോടെയാണ് എം.ഡി. പാസായത്. ചെര്‍പ്പുളശ്ശേരി ശങ്കര്‍ ആശുപത്രിയില്‍ ചികിത്സയും തുടങ്ങി. പിന്നീട് വീട്ടില്‍ത്തന്നെ ചികിത്സതുടങ്ങി. പലപ്പോഴും രാത്രിയായാലും തീരാത്തത്ര രോഗികള്‍ വീട്ടില്‍ ഉണ്ടാകാറുണ്ടെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എല്ലാവരോടും ചിരിച്ച് ഇടപെട്ട അദ്ദേഹം ആത്മഹത്യയുടെ വക്കിലെത്തിയിരുന്ന എത്രയോ വിഷാദരോഗികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു.
വിദേശരാജ്യങ്ങളിലുള്‍പ്പെടെ പ്രഭാഷണത്തിനുപോയിരുന്ന ഡോ. മാധവന് ശ്രീലങ്കയിലായിരിക്കെയാണ് കാലുകള്‍ക്ക് തളര്‍ച്ചയുണ്ടായത്. ഏതുസ്ഥലത്തും വീഴുന്ന സ്ഥിതിയായി. പടികള്‍ കയറുമ്പോഴെല്ലാം വീഴുകയും കാലുപൊട്ടുകയും ചെയ്യുന്ന അവസ്ഥ. ചികിത്സ പലത് നടത്തിയെങ്കിലും കാര്യമുണ്ടായില്ല.
ഏഴുവര്ഷത്തോളമാണ് ചക്രക്കസേരയില്‍ അദ്ദേഹം ജീവിച്ചത്. യാത്രചെയ്യാന്‍ ചക്രക്കസേര ഒഴിവാക്കാനായി രൂപമാറ്റംവരുത്തിയ വാഹനമൊരുക്കി സഞ്ചാരത്തിനും വഴിയൊരുക്കി. അപ്പോഴും മുഖത്ത് ആ ചിരിയുണ്ടായിരുന്നു. പ്രതീക്ഷയുടെ ആ ചിരി ബാക്കിയാക്കിയാണ് അദ്ദേഹം വിടപറഞ്ഞത്. സംവിധായകന് ജയരാജ്, റവന്യൂമന്ത്രി കെ. രാജന് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
ഡോക്ടറുടെ വാക്കുകേട്ടു, മോഹന്‍ലാല്‍ ബ്ലോഗ് എഴുതി
ഡോ. പി.എം. മാധവന്റെ അടുത്ത സുഹൃത്തായ നടന് മോഹന്‍ലാല്‍ ഒരിക്കല്‍ വീട്ടിലെത്തി. സൗഹൃദസംഭാഷണത്തിനിടെ അംഗപരിമിതര്‍ക്ക് വേണ്ടത്ര പരിഗണന സമൂഹത്തിലെവിടെയുമില്ലെന്ന് ലാലിനോട് പറഞ്ഞു. വിഷയത്തില്‍ ചിന്താകുലനായ ലാല്‍ തന്റെ ബ്ലോഗില്‍ ഡോക്ടര്‍ പറഞ്ഞവിഷയം കുറിച്ചിടുകയുംചെയ്തു. പൊതു ഇടങ്ങള്‍ ഭിന്നശേഷിയുള്ളവരുടേതുകൂടിയാണെന്ന് ഇടക്കിടെ അദ്ദേഹം പറഞ്ഞിരുന്നു.
'ഹാസ്യ'ത്തിലെ നടന്
സംവിധായകന് ജയരാജിന്റെ 'നവരസം' പരമ്പരയിലെ എട്ടാമത്തെ സിനിമയായ 'ഹാസ്യ'ത്തില്‍ ഒരു കഥാപാത്രത്തെ ഡോ. പി.എം. മാധവന് അവതരിപ്പിച്ചിരുന്നു. ചക്രക്കസേരയിലുള്ള 'ഡോ. മുകുന്ദന് വാണിയംകുളം' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പാലക്കാട്ട് നടന്ന ഐ.എഫ്.എഫ്.കെ. ചലച്ചിത്രമേളയില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ ജയരാജിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സിനിമ കാണാനും ഡോ. മാധവന് എത്തി.
Content Highlights: neuro psychiatrist pm madhavan dies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..