നിങ്ങള്‍ അശുഭചന്തകള്‍ കൊണ്ടുനടക്കുന്നുണ്ടോ? എങ്കില്‍ അതൊഴിവാക്കാന്‍ നേരമായി. നെഗറ്റീവ് ചിന്ത മേധാക്ഷയം വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു.

തുടര്‍ച്ചയായി ഇത്തരത്തില്‍ ചിന്തിക്കുന്നതാണ് അപകടം. ഓര്‍മക്കുറവടക്കമുള്ള പാര്‍ശ്വഫലങ്ങളാണ് ഇതുവഴി ഉണ്ടാവുക. തലച്ചോറില്‍ കൂടിയ അളവില്‍ അമലോയ്ഡ്, ടോ പ്രോട്ടീന്‍ എന്നിവ അടിയുന്നതാണ് മേധാക്ഷയത്തിന് കാരണം. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

55വയസ്സിന് മുകളിലുള്ള 300 പേരിലാണ്  ഇതുസംബന്ധിച്ച് രണ്ടുവര്‍ഷം പഠനം നടത്തിയത്. നിരാശാജനകമായ സാഹചര്യത്തില്‍ അവര്‍ എങ്ങനെ പെരുമാറുന്നു, ചിന്തകളില്‍ പ്രതീക്ഷയാണോ നിരാശയാണോ കൂടുതല്‍ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അവരുമായി പങ്കുവെച്ചു. തുടര്‍ന്ന് ശ്രദ്ധ, ഭാഷ, ജ്ഞാസമ്പാദനം എന്നിവയിലുള്ള പുരോഗതി വിലയിരുത്തി. പെറ്റ്(PET) സ്‌കാന്‍ വഴി തലച്ചോറിലെ ടോ, അമലോയ്ഡ് നിക്ഷേപങ്ങള്‍ കണക്കാക്കുകയും ചെയ്തു. അശുഭാപ്തിവിശ്വാസികളില്‍ ഇവ കൂടുതലായിരുന്നു.

തുടര്‍ച്ചയായി നിരാശാജനകമായ ചിന്തകള്‍ കൊണ്ടുനടക്കുന്നവരില്‍ ഓര്‍മക്കുറവും കാര്യഗ്രഹണശേഷിയില്‍ കുറവും കണ്ടെത്തി. ഇതാണ് അശുഭചിന്തകളെക്കുറിച്ചുള്ള നിഗമനത്തിലെത്താന്‍ കാരണം.
എന്നാല്‍ മനശ്ശാന്തിക്കായുള്ള പരിശീലനവും ധ്യാനവും ശുഭചിന്തകള്‍ വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകരുടെ നിര്‍ദേശം.

Content Highlights: Negative thinking Pessimism can damage the brain, Health, Mental Health