കോഴിക്കോട്: ലോക ഹൃദയദിനത്തിന് മൂന്നുനാൾ മുമ്പ് മലബാറിൽ നടത്തിയ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയം. ആലുവ രാജഗിരി ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം അഞ്ചര മണിക്കൂർ ശസ്ത്രക്രിയയ്ക്കൊടുവിൽ കോഴിക്കോട് മെട്രോ മെഡ് ആശുപത്രിയിൽ 59-കാരനായ പ്രേംചന്ദിൽ മിടിക്കുന്നു.

കോട്ടയം വടവത്തൂർ കളത്തിൽപടി ചിറത്തിലത്ത് ഏദൻസിലെ നേവിസിന്റെ (25) ഹൃദയമാണ് കണ്ണൂർ കുടിക്കിമൊട്ട സ്വദേശി പ്രേംചന്ദിൽ വിജയകരമായി തുന്നിച്ചേർത്തതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഡോ. മുസ്തഫ ജനീലിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘം നാലുജില്ലകൾ പിന്നിട്ട് ഹൃദയം കൊണ്ടുവന്നത് ആംബുലൻസിലുണ്ടായിരുന്നു. ഹൃദയം എത്തിയ ഉടനെ ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആരംഭിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ പൂർത്തിയായി. പ്രേംചന്ദിന് മൂന്നാഴ്ചയ്ക്കകം ആശുപത്രി വിടാനാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. അപകടനില തരണം ചെയ്തു. ബോധം തെളിഞ്ഞു. ശരീരം അനുകൂലമായി പ്രതികരിക്കാൻ തുടങ്ങി. മരുന്നുകൾക്കുൾപ്പെടെ 15 ലക്ഷം രൂപ മൊത്തം ചികിത്സാച്ചെലവാകും. മെട്രോ ആശുപത്രിയിൽ മുമ്പ് അഞ്ച് ഹൃദയമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് ഇതാദ്യം.

ഏറെ വിഷമഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ടുവന്ന നേവിസിന്റെ അച്ഛൻ സാജൻ മാത്യുവിനെയും അമ്മ ഷെറിനെയും സഹോദരൻ എൽവിസിനെയും മെട്രോ ആശുപത്രി മാനേജിങ്‌ ഡയറക്ടർ ഡോ. പി.പി. മുഹമ്മദ് മുസ്തഫ ആദരം അറിയിച്ചു. ഡോ. മുഹമ്മദ് റിയാദിന്റെയും ഡോ. ലക്ഷ്മി സുകുമാറിന്റെയും ഡോ. അശോക് ജയരാജിന്റെയും നേതൃത്വത്തിലുള്ള മെഡിക്കൽ ടീം സർജറിയിൽ സഹായിച്ചു. എം.കെ. രാഘവൻ എം.പി., ഉത്തരമേഖലാ പോലീസ് ഐ.ജി. അശോക് യാദവ് എന്നിവർ ഹൃദയം ആലുവയിൽനിന്ന് കോഴിക്കോട്ട് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം വഹിച്ചു.

Content Highlights: Navis Heart Transplantation