ആരോഗ്യവഴിയില്‍ തലക്കുളത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രം വലിയൊരു മാതൃകയാണ്. മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലൊന്നുമില്ലാത്ത പല സൗകര്യങ്ങളും രോഗീസൗഹൃദമായ സംവിധാനങ്ങളുമാണ് ഈ ആതുരാലയത്തെ വേറിട്ടു നിര്‍ത്തുന്നത്.അതിനുള്ള അംഗീകാരമായാണ് തലക്കുളത്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ദേശീയ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേഡ്സിന്റെ അവാര്‍ഡ് നേടിക്കൊടുത്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എന്‍.ക്യു.എ.എസിന്റെ ഇത്തവണത്തെ അംഗീകാരം നേടുന്ന കേരളത്തിലെ ഏക കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററാണ് തലക്കുളത്തൂരിലേത്. കൂട്ടായ്മയ്ക്കും ജീവനക്കാരുടെ സമര്‍പ്പണത്തിനുള്ള അംഗീകാരം കൂടിയാണിത്. ജനപ്രതിനിധികളും പൊതുജനങ്ങളും ജീവനക്കാരും ഇവിടെ ആശുപത്രിക്ക് വേണ്ടി ഒരുമിച്ച് നില്‍ക്കുന്നു.
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ആതുരാലയം 1979-ലാണ് തുടങ്ങുന്നത്. പുതിയാപ്പ, കക്കോടി, ഇരുവള്ളൂര്‍ എന്നീ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും ആറ് കുടുംബാരോഗ്യ കേന്ദ്രങ്ങളും ഇതിന്റെ പരിധിയിലുണ്ട്. ജനസംഖ്യ 1,70,000. 32,000ത്തിലധികം വീടുകള്‍. പ്രതിദിനം അഞ്ഞൂറിലധികം രോഗികള്‍ ഇവിടെ സേവനം തേടിയെത്തുന്നു. 18 രോഗികള്‍ക്ക് കിടത്തിച്ചികിത്സയ്ക്ക് സൗകര്യമുണ്ട്. വനിതകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വാര്‍ഡുകള്‍. കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ് കേന്ദ്രം. അത്യാധുനിക ഉപകരണങ്ങളോടെയുള്ള ലാബ്, ഡെന്റല്‍ വിഭാഗം. കോണ്‍ഫ്രന്‍സ് ഹാള്‍, കാന്റീന്‍, മാലിന്യസംസ്‌കരണത്തിന് മുന്തിയ പരിഗണന എന്നിവയെല്ലാം സി.എച്ച്.സി.യെ വേറിട്ടതാക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡോക്ടര്‍മാരുടെ സംഘം മൂന്നുമാസം മുമ്പാണ് സി.എച്ച്.സി.യില്‍ പരിശോധന നടത്തിയത്.
മികവിന്റെ കേന്ദ്രമാകാന്‍ വേണ്ട അഞ്ഞൂറോളം മാനദണ്ഡങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിയതിന് ശേഷമായിരുന്നു തിരഞ്ഞെടുപ്പ്. തൊണ്ണൂറ് ശതമാനത്തിലേറെ മാര്‍ക്കാണ് ഈ സി.എച്ച്.സി. നേടിയത്.
കൂട്ടായ്മയുടെ വിജയം
എല്ലാ കാര്യങ്ങളിലും കൂട്ടായ പ്രവര്‍ത്തനമാണ് ഇവിടെ കാഴ്ചവെക്കുന്നത്. ആരോഗ്യകേന്ദ്രത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ ശ്രമിക്കും. സി.എച്ച്.സി.യെ കഴിഞ്ഞ രണ്ടുവര്‍ഷമായി മുന്നില്‍നിന്ന് നയിക്കുന്ന മെഡിക്കല്‍ ഓഫീസര്‍ ഡോ. ബേബി പ്രീത പറഞ്ഞു. അധികം ഫണ്ടുകളോ പദ്ധതികളോ ഒന്നുമില്ല. ഉള്ളവ കൃത്യമായി നടപ്പാക്കും. വൃത്തിക്കും വെടിപ്പിനുമാണ് ഒന്നാമത്തെ പരിഗണന. ഇവിടെ വരുന്നവര്‍ മറ്റൊരു രോഗം വാങ്ങി ഇവിടെനിന്ന് പോകുന്ന സാഹചര്യം ഉണ്ടാവരുത്. അതിനാല്‍ ശുചിത്വകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല -ബേബി പ്രീത പറയുന്നു. അഞ്ച് ഡോക്ടര്‍മാര്‍, 33 സ്ഥിരം ജീവനക്കാര്‍ എന്നിവര്‍ അടക്കം 60 പേര്‍ ആതുരസേവനരംഗത്തുണ്ട്.
രാവിലെ ഒമ്പത് മുതല്‍ ഒ.പി. തുടങ്ങും. വൈകീട്ട് ആറുവരെ ഡോക്ടര്‍മാരുടെ സേവനം. മുതിര്‍ന്നവര്‍ക്ക് വരിനില്‍ക്കേണ്ട. അറുപതു വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമായി ഒരു ഡോക്ടറുടെ സേവനമുണ്ട്. വിവരങ്ങള്‍ അറിയാന്‍ വാര്‍ഡില്‍ ടെലിവിഷന്‍ സൗകര്യം. സംഗീതവും കേള്‍ക്കാം. ആരോഗ്യകേന്ദ്രത്തിന് വെബ്സൈറ്റുമുണ്ട്. ഭക്ഷണം കഴിക്കാന്‍ ഡൈനിങ് ഹാള്‍. പാത്രങ്ങള്‍ കഴുകാന്‍ പ്രത്യേക ഇടം. പകര്‍ച്ചവ്യാധികളെ ചെറുക്കുന്നതിന് പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ഐസൊലേഷന്‍ വാര്‍ഡും സജ്ജീകരിച്ചിട്ടുണ്ട്.
രോഗമകറ്റാന്‍ ജീവതാളം
ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ആരോഗ്യവകുപ്പിന്റെ ജീവതാളം പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയതിന്റെ ഖ്യാതി തലക്കുളത്തൂര്‍ സി.എച്ച്.സി.ക്കുണ്ട്. ഇതിന്റെ ഭാഗമായി ഷട്ടില്‍കോര്‍ട്ടുണ്ട് രാവിലെ ആറു മുതല്‍ എട്ടുവരെയും വൈകീട്ട് ആറുമുതല്‍ എട്ടര വരെയും പൊതുജനങ്ങള്‍ക്ക് ഇവിടെ ഷട്ടില്‍ കളിക്കാം. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും തലക്കുളത്തൂര്‍ പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി. നടത്തത്തിന്ന് പ്രാധാന്യം നല്‍കാന്‍ വാക്കിങ് ട്രാക്ക് തയ്യാറായി വരുന്നു.
വ്യായാമത്തിനുള്ള വിവിധ ഉപകരണങ്ങളും ഉടനെയെത്തും. പഞ്ചായത്തിലെ മൂന്നു വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ജീവതാളം പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യകേന്ദ്രം. ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സുമായി സഹകരിച്ചാണിത്. ജീവിതത്തില്‍ വ്യായാമത്തിനുള്ള പ്രാധാന്യം ഊന്നിക്കൊണ്ടുള്ള ബോധവത്കരണ പരിപാടികളാണ് ഇതില്‍ ആദ്യപടി.
ജീവനക്കാരുടെ കൂട്ടായ്മ
ആശുപത്രിയിലെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ ജീവനക്കാരെ അഞ്ച് ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പിനും പ്രത്യേകം ചുമതലകളുണ്ട്. ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം മാസത്തില്‍ വിലയിരുത്തും. ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് ഉപഹാരവുമുണ്ട്.
കൗണ്‍സലിങ്
വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളെ സഹായിക്കാന്‍ കൗണ്‍സലിങ് സെന്ററുണ്ട്.
എയ്ഡ്സ് രോഗത്തിനുള്ള പരിശോധനയും ചികിത്സയും ഉറപ്പാക്കുന്ന ജ്യോതിസ് കേന്ദ്രവും പ്രവര്‍ത്തിക്കുന്നു.
കൊറോണയ്‌ക്കെതിരേയുള്ള ജാഗ്രതയും ബോധവത്കരണവും സി.എച്ച്.സി. ഏറ്റെടുത്തുകഴിഞ്ഞു. ഭീതിവേണ്ട ജാഗ്രത മതി എന്ന സന്ദേശമുയര്‍ത്തിയുള്ള വീഡിയോ സി.എച്ച്.സി. പുറത്തിറക്കിയിട്ടുണ്ട്. ബോധവത്കരണ വീഡിയോകള്‍ സ്വന്തം നിലയില്‍ പുറത്തിറക്കാനുള്ള മികവും സി. എച്ച്. സി. കൈവരിച്ചു.
മാലിന്യസംസ്‌കരണത്തിന് സംവിധാനം
മാലിന്യസംസ്‌കരണത്തിന് വിവിധ തട്ടുകളായുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഉപയോഗശൂന്യമായ ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ കളര്‍ കോഡോടുകൂടിയ അഞ്ച് പെട്ടികളിലായാണ് സൂക്ഷിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഇമേജുമായി സഹകരിച്ചാണ് ബയോമെഡിക്കല്‍ മാലിന്യത്തിന്റെ നിര്‍മാര്‍ജനം. പ്ലാസ്റ്റിക് മാലിന്യം നിറവാണ് ഏറ്റെടുത്തിട്ടുള്ളത്. ജൈവമാലിന്യം വളമാക്കി മാറ്റാനുള്ള പദ്ധതിയുമുണ്ട്.
വീടുകളിലെത്തും ഫിസിയോതെറാപ്പി
മൂന്നുലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങള്‍ ഫിസിയാതെറാപ്പി യൂണിറ്റില്‍ ഒരുക്കിയിട്ടുണ്ട്. ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായുള്ള ജീവനക്കാരുണ്ടിവിടെ. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം ലഭിക്കും. അല്ലാത്ത ദിവസങ്ങളില്‍ വീടുകളില്‍ ആവശ്യമുള്ളവര്‍ക്ക് ഫിസിയാതെറാപ്പി ചെയ്തുകൊടുക്കും. ഇതിനായി സി.എച്ച്.സി.ക്ക് പ്രത്യേക വാഹനമുണ്ട്.
രോഗികള്‍ക്ക് മുട്ട, പാല്‍, ബ്രഡ് എന്നിവയടങ്ങിയ സൗജന്യ ഭക്ഷണം രാവിലെയുണ്ട്. ജീവനക്കാര്‍ പണമെടുത്ത് തുടങ്ങിയ ഈ പദ്ധതിയിപ്പോള്‍ നാട്ടുകാരുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ വിജയകരമായി നടന്നുവരുന്നു.
പരിശോധനാഫലം ഓണ്‍ലൈനില്‍
എല്ലാ അത്യാധുനിക സൗകര്യങ്ങളോടെയുമുള്ളതാണ് ലാബ്. 12 ലക്ഷം രൂപ വിലവരുന്ന ഫുള്‍ ഓട്ടോമാറ്റിക് മെഷീനിലൂടെ എല്ലാ പരിശോധനയും നടത്താം. രോഗിക്ക് യൂസര്‍ ഐഡിയും പാസ്വേഡും നല്‍കും. കാത്തു നില്‍ക്കാതെ ഓണ്‍ലൈനിലൂടെ പരിശോധനാ ഫലം ലഭിക്കും. മെഡിക്കല്‍കോളേജാശുപത്രിയുമായി സഹകരിച്ച്കൊണ്ട് മറ്റു വിദഗ്ധ പരിശോധനകളുടെ ഫലവും ഇതുവഴി അറിയാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും ഫണ്ടുപയോഗിച്ചാണ് പ്രവര്‍ത്തനം.
പ്രത്യേകതകള്‍
- ഒ.പി. സൗകര്യം വൈകീട്ട് ആറുവരെ
- ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം വീടുകളിലും
- രാവിലെ സൗജന്യ ഭക്ഷണം
- ജീവതാളം പദ്ധതി
- പരിശോധനാ ഫലങ്ങള്‍ ഓണ്‍ലൈനില്‍
- മ്യൂസിക് സിസ്റ്റം, ഷട്ടില്‍കോര്‍ട്ട്, വാക്കിങ് ട്രാക്ക്
- മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായി ഒരു ഡോക്ടര്‍
Content Highlights: national quality assurance standards award, health