തിരുവനന്തപുരം: ഈ വർഷത്തെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി കർശനമായ കോവിഡ്19 രോഗ പ്രതിരോധ മാർഗനിർദേശ പ്രകാരം നടത്തുന്നതിന് ആരോഗ്യവകുപ്പ് മാർഗ നിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികൾക്ക് ഞായറാഴ്ച (ജനുവരി 31) പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്നതാണ്. 24,690 ബൂത്തുകൾ വഴിയാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്നത്. കോവിഡ് പ്രതിരോധ സാമഗ്രികൾ എല്ലാ ബൂത്തുകളിലും ലഭ്യമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പോളിയോ വാക്സിൻ എടുക്കാൻ വരുന്നവരും ബൂത്തിലുള്ളവരും മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

 • ബൂത്തുകളിലുള്ള എല്ലാ വാക്സിനേറ്റർമാരും എൻ 95 മാസ്ക്, ഫേസ് ഷീൽഡ്, ഗ്ലൗസ് എന്നിവ ധരിക്കേണ്ടതാണ്.
 • ഇൻഫഌവൻസ പോലുള്ള രോഗങ്ങൾ, പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവരെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രവർത്തനങ്ങൾക്ക് നിയോഗിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
 • ഓരോ കുട്ടിക്കും വാക്സിൻ കൊടുക്കുന്നതിനു മുമ്പും കൊടുത്തതിനു ശേഷവും വാക്സിനേറ്റർ കൈകൾ അണുവിമുക്തമാക്കേണ്ടതാണ്.

കോവിഡ് ബാധിതരുടെ വീട്ടിലെ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത്

 • കോവിഡ് നിരീക്ഷണത്തിൽ ആരെങ്കിലും വീട്ടിൽ ഉണ്ടെങ്കിൽ ആ വീട്ടിലെ കുട്ടിക്ക് നിരീക്ഷണ കാലാവധി അവസാനിച്ചതിന് ശേഷം പോളിയോ തുള്ളി മരുന്ന് നൽകേണ്ടതാണ്.
 • കോവിഡ് പോസിറ്റീവായ ആളുള്ള വീട്ടിലെ കുട്ടിക്ക് പരിശോധനാഫലം നെഗറ്റീവ് ആയതിനുശേഷം 14 ദിവസം കഴിഞ്ഞ് തുള്ളി മരുന്ന് നൽകാവുന്നതാണ്.
 • അഞ്ചുവയസിൽ താഴെയുള്ള കോവിഡ് പോസിറ്റീവ് ആയ കുട്ടിക്ക് പരിശോധനാഫലം നെഗറ്റീവായി നാല് ആഴ്ചയ്ക്ക് ശേഷം മാത്രമേ പോളിയോ തുള്ളിമരുന്ന് നൽകാവൂ.

പോളിയോ ബൂത്തുകളുടെ പ്രവർത്തനം

രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പോളിയോ ബൂത്തുകളുടെ പ്രവർത്തനസമയം. ആശുപത്രികളിൽ പോളിയോ ബൂത്തുകൾ ഒ.പി., ഐ.പി. വിഭാഗങ്ങളിൽ നിന്ന് ദൂരെയായി ക്രമീകരിക്കുവാനും പ്രത്യേകം പ്രവേശനകവാടമുള്ള തിരക്കില്ലാത്ത ഭാഗത്ത് ബൂത്ത് പ്രവർത്തിപ്പിക്കാനുമുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ ബൂത്തിനായി തെരഞ്ഞെടുക്കുന്ന മുറി വായുസഞ്ചാരം ഉള്ളതും അകത്തേക്ക് പ്രവേശിക്കുവാനും പുറത്തേക്കു കടക്കുവാനും പ്രത്യേകം വാതിലുകൾ ഉള്ളതുമായിരിക്കുവാനും നിർദ്ദേശിച്ചിട്ടുണ്ട്.

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

 • ഒരു സമയം 5 കുട്ടികളിൽ കൂടുതൽ ബൂത്തിൽ ഉണ്ടാകുവാൻ അനുവദിക്കുന്നതല്ല. അതിനാൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷനായി നൽകിയിട്ടുള്ള സമയ പ്രകാരം കുട്ടികളെ ബൂത്തിൽ എത്തിക്കുവാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.
 • ബൂത്തിലുള്ളവർ തമ്മിൽ രണ്ട് മീറ്റർ അകലം പാലിക്കേണ്ടതാണ്.
 • തുള്ളിമരുന്ന് കൊടുക്കുവാനായി കുട്ടിയുടെ കൂടെ ഒരാളെ മാത്രമേ ബൂത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ.
 • കുട്ടിയുടെ കൂടെ വരുന്നവരെല്ലാം മാസ്ക് ധരിക്കേണ്ടതാണ്.
 • നാലാഴ്ചയ്ക്കുള്ളിൽ കോവിഡ് പോസിറ്റീവ് ആയിട്ടുള്ള കുട്ടികൾ, രക്ഷിതാക്കൾ, പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ തുടങ്ങിയവർ പോളിയോ ഇമ്മ്യൂണൈസേഷൻ ബൂത്തിൽ എത്തുവാൻ പാടുള്ളതല്ല.
 • കണ്ടെയ്ൻമെന്റ് സോണിലുള്ള കുട്ടികൾക്ക് പ്രദേശം നോൺ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനുശേഷം തുള്ളിമരുന്ന് നൽകാം.
 • 60 വയസിനുമേൽ പ്രായമുള്ളവരും കുട്ടികളെ വാക്സിൻ എടുക്കാൻ കൊണ്ടുവരുന്നത് ഒഴിവാക്കേണ്ടതാണ്.
 • കുട്ടികളും രക്ഷകർത്താക്കളും ബൂത്തിൽ പ്രവേശിക്കുന്നതിന് മുമ്പും ശേഷവും വീട്ടിലെത്തയയുടനേയും കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്.
 • തുള്ളി മരുന്ന് നൽകുമ്പോൾ ഡ്രോപ്പർ കുട്ടിയുടെ വായിൽ സ്പർശിക്കാത്ത വിധത്തിൽ കുട്ടിയെ ശരിയായി ഇരുത്തുവാനും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.

കടപ്പാട്: കേരള ആരോഗ്യവകുപ്പ്

Content Highlights:National Pulse Polio Immunisation drive during Covid19 pandemic, Health, Pulse Polio