തൃശ്ശൂര്‍: എം.ബി.ബി.എസ്. ആദ്യവര്‍ഷത്തെ പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാത്തവര്‍ക്ക് രണ്ടാംവര്‍ഷ ക്ലാസിലേക്ക് പ്രവേശനമില്ല. നിലവിലെ നിര്‍ദേശം ആവര്‍ത്തിച്ച് വ്യക്തമാക്കിയത് ദേശീയ മെഡിക്കല്‍ കമ്മിഷനാണ്. സപ്ലിമെന്ററി പരീക്ഷയും ജയിക്കാനാകാത്തവര്‍ പുതിയ ഒന്നാംവര്‍ഷക്കാര്‍ക്കൊപ്പം ക്ലാസിലിരിക്കണമെന്നാണ് നിബന്ധന.

ആന്ധ്രപ്രദേശിലെ ഡോ. എന്‍.ടി. രാമറാവു ആരോഗ്യ സര്‍വകലാശാലയിലെ ചില വിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് കമ്മിഷന്റെ ഇടപെടല്‍. ഒന്നാംവര്‍ഷ പരീക്ഷ ജയിക്കാത്ത തങ്ങള്‍ക്ക് അടുത്തവര്‍ഷത്തേക്കുള്ള ക്ലാസ്‌കയറ്റം അനുവദിക്കണമെന്ന ആവശ്യവുമായി ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍, നിലവിലെ നിയമപ്രകാരം ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് സിംഗിള്‍ ബെഞ്ച് സ്വീകരിച്ചത്. ഇതിനെതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ കൂടുതല്‍ വ്യക്തതയ്ക്കായി കമ്മിഷന് കത്ത് നല്‍കിയത്.

മെഡിക്കല്‍ കമ്മിഷന്‍ നിലവില്‍ വരുന്നതിന് മുന്‍പുണ്ടായിരുന്ന ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തില്‍ ആദ്യവര്‍ഷപരീക്ഷയുടെ വിജയം നിര്‍ബന്ധമായിരുന്നു. ഇതേ നില തുടരുകയാണെന്നും സപ്ലിമെന്ററി അവസരവും മുതലാക്കാന്‍ കഴിയാത്തവര്‍ കോഴ്സും പരീക്ഷയും പുതിയ ബാച്ചിനൊപ്പം ചെയ്യണമെന്നുമാണ് നിര്‍ദേശിച്ചിരിക്കുന്നത്.

Content Highlights: National medical commission new guidelines on MBBS exam