പ്രതീകാത്മക ചിത്രം | Photo: Canva
കൊച്ചി: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഗൈനക്കോളജിക്കല്‍ എന്‍ഡോസ്‌കോപ്പിസ്റ്റുകളുടെ (ഐ.എ.ജി.ഇ) ദേശീയ സമ്മേളനം മാര്‍ച്ച് 17 വെള്ളിയാഴ്ച കൊച്ചിയിലെ മെറിഡിയനില്‍ ആരംഭിക്കും.
മാര്‍ച്ച് 18 ശനിയാഴ്ച വൈകീട്ട് ഏഴിന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ.എ.ജി.ഇ പ്രസിഡന്റ് ഡോ. ഭാസ്‌കര്‍ പാല്‍, പ്രസിഡന്റ് ഇലക്ട് ഡോ. പണ്ഡിറ്റ് പാലസ്‌കര്‍, സെക്രട്ടറി ഡോ. അതുല്‍ ഗണത്ര, ഓര്‍ഗനൈസിംഗ് ചെയര്‍ ഡോ. പോള്‍ പി.ജി, ഡോ. സുബാഷ് മല്യ, ഡോ. കല്യാണ് ബര്‍മഡെ, ഡോ. സുധാ ടണ്ടന്‍, ഡോ. സുജല്‍ മുന്‍ഷി എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കും.
ഗൈനക്കോളജിക്കല്‍ എന്‍ഡോസ്‌കോപ്പിയിലെ ശാസ്ത്ര മുന്നേറ്റങ്ങളെക്കുറിച്ചും നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും മൂന്ന് ദിവസത്തെ സമ്മേളനം ചര്‍ച്ച ചെയ്യും. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള വിദഗ്ധര്‍ നടത്തുന്ന സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ തത്സമയം സമ്മേളന വേദിയിലേക്ക് പ്രക്ഷേപണം ചെയ്യുന്ന ലൈവ് ഓപ്പറേറ്റീവ് വര്‍ക്ക്‌ഷോപ്പുകള്‍ ഒന്നര ദിവസം നീണ്ടു നില്‍ക്കും. റോം, സൂറിച്ച്, മുംബൈ, അഹമ്മദാബാദ്, ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്നാണ് തത്സമയ ശസ്ത്രക്രിയകള്‍ സംപ്രേക്ഷണം ചെയ്യുക.
ഈ മേഖലയിലെ ഏറ്റവും പുതിയ മെഡിക്കല്‍ ടെക്‌നോളജി, ചികിത്സാരീതികള്‍, ദേശീയ,അന്തര്‍ദേശീയ വിദഗ്ധരുടെ സാങ്കേതികമായ വൈദഗ്ധ്യം എന്നിവ പങ്കിടുക, പൊതുജനാവബോധം സൃഷ്ടിക്കുക, എല്ലാവര്‍ക്കും മികച്ച ഗൈനക്കോളജിക്കല്‍ ചികിത്സയും പരിചരണവും ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സമ്മേളനം നടക്കുന്നതെന്ന് ഓര്‍ഗനൈസിംഗ് ചെയര്‍മാനും കലൂര്‍ പോള്‍സ് ഹോസ്പിറ്റലിലെ ചീഫ് ഗൈനക്കോളജിസ്റ്റുമായ ഡോ. പോള്‍ പി.ജി പറഞ്ഞു.
ഗൈനക്കോളജിക്കല്‍ എന്‍ഡോസ്‌കോപ്പിക് സര്‍ജറിയുടെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്ന വിദഗ്ധരുടെ പ്രസംഗങ്ങള്‍, പ്ലീനറി സെഷനുകള്‍, പാനല്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, പേപ്പര്‍ അവതരണങ്ങള്‍ എന്നിവ ശാസ്ത്രീയ സെഷനുകളില്‍ നടക്കും.
ഗര്‍ഭപാത്രത്തിന് പുറത്തുള്ള എന്‍ഡോമെട്രിയല്‍ ടിഷ്യു വളര്‍ച്ച (എന്‍ഡോമെട്രിയോസിസ്), എന്‍ഡോസ്‌കോപ്പിക് ശസ്ത്രക്രിയ, നൂതന ലാപ് ഗൈന ഓങ്കോളജി, അണ്ഡാശയ മുഴകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍; അഡെനോമിയോസിസ് ആന്തരിക എന്‍ഡോമെട്രിയോസിസിനുള്ള റോബോട്ടിക് ശസ്ത്രക്രിയ, ഗര്‍ഭാശയത്തിലെ ഫൈബ്രോയിഡുകള്‍ നീക്കംചെയ്യുന്ന മയോമെക്ടമി, ഗര്‍ഭപാത്രം നീക്കംചെയ്യല്‍ അഥവാ ഹിസ്റ്റെരെക്ടമി, വിവിധ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയാ മാനേജ്‌മെന്റുകള്‍ എന്നിവയില്‍ പ്രത്യേക സെഷനുകള്‍ നടക്കും.
ഇരുപത് അന്താരാഷ്ട്ര ഫാക്കല്‍ട്ടികളും, അമ്പതിലധികം ദേശീയ ഫാക്കല്‍ട്ടികളുമടക്കം അഞ്ഞൂറിലധികം വിദഗ്ദര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Content Highlights: national conference of IAGE to be held on march 17th at kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..