ബാപ്പുട്ടിയും ഭാര്യ മാസിതയും ഡോക്ടർമാരായ മക്കളും മരുമക്കളും
തിരൂര്‍: തലക്കടത്തൂര്‍ നെല്ലിക്കാട് മുത്താണിക്കാട്ടെ കുഞ്ഞിമുഹമ്മദ് എന്ന ബാപ്പുട്ടിക്ക് കുട്ടിക്കാലത്ത് ഡോക്ടറാകാനായിരുന്നു മോഹം. പക്ഷേ, സാഹചര്യം അദ്ദേഹത്തെ പ്രവാസിയാക്കി. അപ്പോഴും അദ്ദേഹം മോഹങ്ങള്‍ വെടിഞ്ഞില്ല. തനിക്കു കഴിയാത്തത് മക്കള്ക്കെങ്കിലുമാകണമെന്ന് ആശിച്ചു. മക്കളെയെല്ലാം നന്നായി പഠിപ്പിച്ചു മിടുക്കരാക്കി. അവര്‍ ഡോക്ടര്‍മാരായി. ഇപ്പോഴിതാ മക്കളും മരുമക്കളുമടക്കം മുത്താണിക്കാട് വീട് ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റിയാകുന്നു.
മൂത്തമകള്‍ മുര്‍ഷിത ആലപ്പുഴ മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. കഴിഞ്ഞ് റേഡിയോളജിയില്‍ ഡി.എന്‍.ബി. ബിരുദം നേടി. രണ്ടാമത്തെ മകള്‍ സുമാനത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. പഠിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എം.ഡി. ജനറല്‍ മെഡിസിന് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.
മൂന്നാമത്തെ മകള്‍ നസ്ല ആലപ്പുഴ മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. കഴിഞ്ഞ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡെര്‍മറ്റോളജി എം.ഡി.ക്ക് പഠിക്കുന്നു. നാലാമത്തെ മകന് മുഹമ്മദ് മുസ്തഫ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. കഴിഞ്ഞ് ആദ്യ ചാന്‍സില്‍തന്നെ 530 റാങ്കിലെത്തി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എം.ഡി.ക്ക് ചേരാനുള്ള ഒരുക്കത്തിലാണ്.
മുര്ഷിതയുടെ ഭര്‍ത്താവ് നസീഫ് എം.ഡി. കഴിഞ്ഞ് കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. സുമാനത്തിന്റെ ഭര്‍ത്താവ് മുഹമ്മദ് നിസ്താര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അവസാനവര്‍ഷ എം.ഡി. വിദ്യാര്‍ഥി. മൂന്നാമത്തെ മകള്‍ നസ്ലയുടെ ഭര്‍ത്താവ് ആദില്‍ ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്‍ഡ് അലൈഡ് സയന്‍സില്‍ എം.ഡി.ക്ക് പഠിക്കുകയാണ്. മക്കളെല്ലാവരും ഗവ. മെഡിക്കല്‍ കോളേജിലാണ് പഠിച്ചതെന്നതും ശ്രദ്ധേയമാണ്.
1984-ല്‍ ബാപ്പുട്ടി തിരൂര്‍ എസ്.എസ്.എം. പോളിടെക്നിക്കില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ നേടി ഏഴൂര്‍ എം.ഡി.പി.എസ്. ഐ.ടി.സി.യില്‍ ഒരു വര്‍ഷം അധ്യാപകനായി ജോലി ചെയ്തു. 1986-ല്‍ ഖത്തറിലേക്ക് പോയി. 24 വര്‍ഷക്കാലം കുടുംബം ഖത്തറില്‍ താമസിച്ചു.
2017-ല്‍ നാട്ടിലെത്തി വൈലത്തൂരില്‍ മെഡിക്കല്‍ ഷോപ്പ് നടത്തിവരികയുമാണ്. ചിട്ടയോടെ കുട്ടികളുടെ പഠനകാര്യങ്ങള്‍ ശ്രദ്ധിച്ച് വേണ്ട സമയത്ത് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത് ബാപ്പുട്ടിയുടെ ഭാര്യ മാസിതയാണ്. മാസിതയുടെ തറവാട്ടിലും ഡോക്ടര്‍മാരുണ്ട്. സഹോദരന് ഡോ. അബ്ദുള്‍ മാലിക്കും ഭാര്യ ഡോ. ഷംന മാലിക്കും കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയില്‍ ഡോക്ടര്‍മാരാണ്.
Content Highlights: muthanikkad doctor family where every member has pursued medical profession
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..