ആലപ്പുഴ: മാരകരോഗങ്ങള്‍ പരത്തുന്ന ജീവികളില്‍ ആരാണ് ഭീകരന്‍. കൊതുകോ ഈച്ചയോ പട്ടിയോ വവ്വാലോ... പട്ടികയില്‍ ചെറുപ്രാണികള്‍ മുതല്‍ വവ്വാല്‍, എലി, ഒട്ടകം തുടങ്ങി കുരങ്ങുവരെയുള്ള ജന്തുക്കളുണ്ട്. നിപ പരത്തിയ, ഇപ്പോള്‍ കൊറോണ പരത്തുന്നു എന്നുസംശയിക്കുന്ന വവ്വാലാണ് ഭീകരനെന്ന് സംശയിക്കുന്നവര്‍ ഏറെയുണ്ടാകാം. എന്നാല്‍, മൂളിപ്പാട്ടുംപാടി പറന്നുനടക്കുന്ന കൊതുകിനുമുന്നില്‍ വവ്വാല്‍ ആരുമല്ല.
പരത്തുന്ന രോഗങ്ങളുടെ എണ്ണവും മരണനിരക്കും നോക്കിയാല്‍ കൊതുകുതന്നെ കൊടുംഭീകരന്‍. വവ്വാലിന്റെ സ്ഥാനം പിന്നിലാണ്. വവ്വാല്‍ പരത്തിയ നിപ മാരകമായിരുന്നെങ്കിലും മരണനിരക്ക് കുറവായിരുന്നു.
കൊതുകുജന്യരോഗങ്ങളാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേരെ ബാധിക്കുന്നത്. മരണനിരക്ക് കൂടുതലും ഇതിനുതന്നെ.
രോഗങ്ങള്‍ കൂടാന്‍ കാരണം
*കാലാവസ്ഥാവ്യതിയാനം
*പാരിസ്ഥിതികപ്രശ്‌നങ്ങള്‍
*മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മനുഷ്യന്റെ കടന്നുകയറ്റം
*വളര്‍ത്തുമൃഗങ്ങളെ അലക്ഷ്യമായി കൈകാര്യം ചെയ്യല്‍
*ദേശാടനപ്പക്ഷികളുടെ വരവ്
*മാംസഭക്ഷണത്തോടുള്ള താത്പര്യക്കൂടുതല്‍
പ്രതിരോധിക്കുന്നതെങ്ങനെ?
*വളര്‍ത്തുമൃഗങ്ങളോട് കരുതലോടെയുള്ള ഇടപെടല്‍
*വ്യക്തിശുചിത്വം പാലിക്കല്‍
*മുറിവുകള്‍ ഉള്ളപ്പോള്‍ മൃഗങ്ങളോട് ഇടപെടാതിരിക്കല്‍
*മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയില്‍ രോഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുക
*വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുക
*അവയ്ക്ക് ചികിത്സവേണമെങ്കില്‍ വെറ്ററിനറി കേന്ദ്രത്തെ സമീപിക്കുക
വേണ്ടത് ഏകാരോഗ്യസങ്കല്‍പം
മനുഷ്യന്റെ ആരോഗ്യം എന്നത് പരിസ്ഥിതിയുടെയും പക്ഷിമൃഗാദികളുടെയും ആരോഗ്യം കൂടിയാണ്. പരസ്പരപൂരകങ്ങളാണ് ഇവ. ലോകാരോഗ്യസംഘടനയുടെ കാഴ്ചപ്പാടാണിത്. നമ്മുടെ സര്‍ക്കാരുകളും ഇത് തത്ത്വത്തില്‍ അംഗീകരിച്ചു.
ഇതനുസരിച്ച് ഡോക്ടര്‍, വെറ്ററിനറി ഡോക്ടര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നിവരടങ്ങുന്ന സമിതി ഓരോ തലത്തിലും ഉണ്ടാകണം. ഇവരുടെ ഇടപെടലിലൂടെ മാരകമായ പകര്‍ച്ചവ്യാധികളുള്‍പ്പെടെ പ്രതിരോധിക്കാനാകും.ഡോ. ബി.പദ്മകുമാര്‍, മെഡിസിന്‍ വിഭാഗം പ്രൊഫസര്‍, ഗവ. ടി.ഡി.മെഡിക്കല്‍ കോളേ!ജ്, ആലപ്പുഴ
കൂടുതല്‍ മരണം കൊതുകുകാരണം
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേരെ ബാധിക്കുന്നതും കൂടുതല്‍ ആളുകള്‍ മരിക്കുന്നതും കൊതുകുജന്യരോഗങ്ങള്‍ കാരണമാണ്. മലമ്പനി, ഡെങ്കിപ്പനി, ജപ്പാന്‍ജ്വരം, ചിക്കുന്‍ഗുനിയ തുടങ്ങിയവ ബാധിച്ചുള്ള മരണനിരക്ക് മറ്റുള്ളവയെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
വവ്വാലില്‍നിന്ന് പകരുന്ന നിപ ഉള്‍പ്പെടെയുള്ളവ അതുബാധിക്കുന്ന പ്രദേശത്തെ സംബന്ധിച്ച് ഗുരുതരമാണ്. എന്നാല്‍, മരണനിരക്ക് കുറവാണ്. ഡോ. ആര്‍.സജിത്ത് കുമാര്‍, സാംക്രമികരോഗവിഭാഗം മേധാവി, കോട്ടയം മെഡിക്കല്‍ കോളേജ്.
Content Highlights: mosquitoes are more dangerous than bat