കണ്ണൂര്‍: ഓണ്‍ലൈനായി പെയിന്‍ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞ ഡോക്ടര്‍മാരുള്ള സാന്ത്വനപരിചരണ കേന്ദ്രങ്ങളില്‍ വേദനസംഹാരിയായ മോര്‍ഫിന്‍ ശേഖരിക്കാനും വിതരണം ചെയ്യാനും സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കി. കടുത്ത വേദന അനുഭവിക്കുന്ന രോഗികള്‍ക്ക് ഈ തീരുമാനം ആശ്വാസമാകും.

കോവിഡ് കാലത്ത് ഓണ്‍ലൈനായി പരിശീലനം നേടിയ നിരവധിപ്പേര്‍ പല കേന്ദ്രങ്ങളിലുണ്ടായിരുന്നു. നേരിട്ടുള്ള കോഴ്സ് കഴിഞ്ഞില്ല എന്ന കാരണത്താല്‍ ഇത്തരം സ്ഥാപനങ്ങളില്‍ വേദനസംഹാരികളായ മോര്‍ഫിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും തടസ്സമുണ്ടായി. ഇതു കാരണം നൂറുകണക്കിന് കാന്‍സര്‍ രോഗികള്‍ ഏറെ വലഞ്ഞു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നിട്ടും പ്രതിസന്ധി തുടര്‍ന്നു. ഇതേക്കുറിച്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ പാലിയേറ്റിവ് കെയര്‍ കേരളയുടെ സംസ്ഥാന പ്രസിഡന്റ് നാരായണന്‍ പുതുക്കുടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡ്രഗ് കണ്‍ടോളര്‍ അനുമതി നല്‍കിയത്.

മോര്‍ഫിന്‍ കുത്തിവെപ്പും ഗുളികകളും നിരോധിക്കപ്പെട്ട മയക്കുമരുന്നുകളാണ്. 2014-ല്‍ പാര്‍ലമെന്റ് അംഗീകരിച്ച നിയമപ്രകാരം 2015-ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിബന്ധനയനുസരിച്ച് വേദന ചികിത്സിക്കുന്നവരടക്കം പരിശീലനം ലഭിച്ചവര്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയന്ത്രിത അളവില്‍ മോര്‍ഫിന്‍ സംഭരിച്ച് രോഗികള്‍ക്ക് വിതരണം ചെയ്യാനാകും. അതേ സമയം ഓണ്‍ലൈന്‍ പരിശീലനം മാത്രം ലഭിച്ചവര്‍ക്ക് ഇതിന് അധികാരമുണ്ടായിരുന്നില്ല.

Content Highlights: Morphine can also be administered to palliative care centres with online training, Health