തൃശ്ശൂര്‍: രാജ്യത്തെ പ്രധാന ഔഷധ നിര്‍മാതാക്കളുടേതടക്കം കൂടുതല്‍ മരുന്നുസംയുക്തങ്ങള്‍ കേന്ദ്രത്തിന്റെ നിരോധനപ്പട്ടികയിലേക്ക്. വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, അലര്‍ജി, ചുമ-ജലദോഷം തുടങ്ങിയവയ്ക്ക് ഉള്‍പ്പെടെയുള്ള മുന്നൂറ്റിയിരുപതിലധികം മരുന്നുസംയുക്തങ്ങളാണ് പട്ടികയിലുള്ളത്.

മരുന്നുകളുടെ ഫലപ്രാപ്തി സംബന്ധിച്ച് വിദഗ്ധസമിതി ഉന്നയിച്ച സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കാനുള്ള യോഗങ്ങള്‍ക്കുശേഷമാകും തീരുമാനം. എന്നാല്‍, സംസ്ഥാന അധികൃതര്‍ നിര്‍മാണാനുമതി നല്‍കിയ മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് നീതിയുക്തമല്ലെന്നാണ് നിര്‍മാതാക്കളുടെ വാദം.

ഇത്തരം വാദങ്ങളും കോടതി നടപടികളും മറികടന്ന് 408 സംയുക്തങ്ങള്‍ പല ഘട്ടങ്ങളായി നേരത്തേ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് വിപണിയിലുള്ളതും പരിശോധനസമിതി യുക്തിപരമെന്ന് പ്രഖ്യാപിക്കാത്തതുമായ എല്ലാ സംയുക്തങ്ങളെയും വിലയിരുത്താനുള്ള നടപടി തുടങ്ങിയത്. യുക്തിപരമല്ലെന്നുകണ്ടെത്തിയ സംയുക്തങ്ങളെ വീണ്ടും വിലയിരുത്താനും തീരുമാനിച്ചു.

Content Highlights: More than 320 drug compounds may be banned, Health, Medicines