Representative Image| Photo: GettyImages
ന്യൂഡൽഹി: ലഘുവായ കോവിഡ് ബാധകളിൽ സി.ടി. സ്കാൻ വേണ്ടെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. അതിന് പാർശ്വഫലങ്ങളുണ്ടാകുമെന്നും ഗുണത്തെക്കാൾ ദോഷമാണുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ച ഉടൻ സി.ടി. സ്കാൻ നടത്താനാണ് ജനം തിടുക്കപ്പെടുന്നത്. 300 മുതൽ 400 വരെ എക്സ്റേകൾക്ക് തുല്യമാണ് ഒരു സി.ടി. സ്കാൻ. ചെറിയ പ്രായമുള്ളവരിൽ തുടർച്ചയായി സി.ടി. സ്കാനുകൾ എടുക്കുന്നത് പിന്നീട് കാൻസറിനുള്ള സാധ്യത വർധിപ്പിക്കും. അതിനാൽ ഓക്സിജൻ നില സാധാരണനിലയിലുള്ള ലഘുവായ കേസുകളിൽ സ്കാൻ വേണ്ട. സ്കാൻ ചെയ്താൽ ചില പാടുകൾ കാണാനാവും. എന്നാൽ, ഇവ ചികിത്സയില്ലാതെതന്നെ മാറും. സംശയമുള്ളവർ നെഞ്ചിന്റെ എക്സ്റേ എടുക്കുകയാണ് വേണ്ടത്.
ലഘുവായ കേസുകളിൽ ഒട്ടേറെ രക്തപരിശോധനകളുടേയും ആവശ്യമില്ല. വീട്ടിൽ ഐസൊലേഷനിൽ കഴിയുമ്പോൾ ഓക്സിജൻ നില സാധാരണമായിരിക്കുകയും പനിയില്ലാതിരിക്കുകയും മറ്റു ലക്ഷണങ്ങളില്ലാതിരിക്കുകയും ചെയ്യുമ്പോൾ ഇത്തരം പരിശോധനകൾ വേണ്ട. അവർക്ക് മരുന്ന് ആവശ്യമില്ലെന്നാണ് ക്ലിനിക്കൽ മാനേജ്മെന്റ് മാർഗനിർദേശം. രോഗത്തിന്റെ തുടക്കത്തിൽതന്നെ സ്റ്റിറോയ്‌ഡുകൾ ഉപയോഗിക്കുന്ന രീതി ചിലരിൽ കാണാനുണ്ട്. അത് രോഗാണുവിന്റെ ആവർത്തനത്തിന് കാരണമാകും. ലഘുവായ കേസുകളിൽ കൂടിയ ഡോസ് സ്റ്റിറോയ്‌ഡ് എടുക്കുന്നത് ഗുരുതരമായ വൈറൽ ന്യൂമോണിയക്ക് കാരണമാകും. ഡോക്ടറുടെ നിർദേശപ്രകാരമേ സ്റ്റിറോയ്ഡ് ഉപയോഗിക്കാവൂ.
ഓക്സിജൻ നില 93-ൽനിന്ന് താഴെ പോകുമ്പോൾ രോഗികൾക്കുണ്ടാകുന്ന നെഞ്ചുവേദന ഒരു മുന്നറിയിപ്പാണ്. അപ്പോൾ വീട്ടിൽ കഴിയുന്ന രോഗികളെ ആശുപത്രിയിലെത്തിക്കണം. മറ്റ് രോഗങ്ങളുള്ളവരും പ്രത്യേക ശ്രദ്ധ പാലിക്കണം.
Content Highlights: More CT scan can increase the risk of cancer, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..