Representative Image| Photo: Canva.com
ഇന്ത്യയിൽ കാൻസർ സ്ഥിരീകരിക്കപ്പെടുന്നത് പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികളിലെന്ന് പഠനം. ശാരീരിക പ്രത്യേകതകളുടെ പേരിലല്ല മറിച്ച് ലിംഗപരമായ വിവേചനം മൂലമാണ് പെൺകുട്ടികൾ രോഗസ്ഥിരീകരണത്തിൽ പിന്നിലായത്. ലാൻസെറ്റ് ഓങ്കോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
0-19 വയസ്സുവരെ പ്രായമുള്ളവരെ ആധാരമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. ഇന്ത്യയിലെ മൂന്നുകാൻസർ സെന്ററുകളിൽ നിന്നായി 2005 ജനുവരി ഒന്നുമുതൽ 2019 ഡിസംബർ വരെയുള്ള കണക്കുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. രണ്ട് പിബിസിആർ(പോപ്പുലേഷൻ ബേസ്ഡ് കാൻസർ രജിസ്റ്റ്രി)ൽ നിന്നുള്ള ഡേറ്റകളും ഉപയോഗിച്ചിട്ടുണ്ട്. ഡൽഹിയിലെ പിബിസിആറിൽ നിന്നും 2005 ജനുവരി ഒന്നുമുതൽ 2014 ഡിസംബർ 31 വരെയുള്ള ഡേറ്റയും മദ്രാസ് മെട്രോപൊളിറ്റൻ ട്യൂമർ രജിസ്റ്റ്രിയിൽ നിന്നും 2005 ജനുവരി 1 മുതൽ 2017 ഡിസംബർ 31 വരെയുള്ള ഡേറ്റയുമാണ് പഠനത്തിനായി സ്വീകരിച്ചവ.
മൂന്ന് ആശുപത്രികളിൽ നിന്നുമുള്ള രോഗവിവരങ്ങളുടെയും പിബിസിആറുകളിലെയും സ്ത്രീപുരുഷഅനുപാതം കണക്കാക്കിയാണ് നിഗമനത്തിലെത്തിയത്. ചികിത്സയ്ക്കെത്തുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണമെടുത്താണ് പഠനം നടത്തിയത്. കാൻസർ ചികിത്സയിലെ ചെലവേറിയ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് നടത്തുന്നവരുടെ സ്ത്രീ-പുരുഷ അനുപാതവും പ്രത്യേകം കണക്കാക്കി.
പിബിസിആറുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 11,000ത്തോളം രോഗികളിൽ കാൻസർ സ്ഥിരീകരിക്കുന്ന ആൺകുട്ടികൾ കൂടുതലാണെന്ന് കണ്ടെത്തി. സമാനമായി, മൂന്ന് ആശുപത്രികളിൽ ചികിത്സയ്ക്കെത്തിയ 22,000 കുട്ടികളിൽ പെൺകുട്ടികളേക്കാൾ കൂടുതൽ ചികിത്സയ്ക്കെത്തിയത് ആൺകുട്ടികളാണെന്ന് കണ്ടെത്തി. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യയിലാണ് ഈ ലിംഗവിവേചനം കൂടുതലെന്നും പഠനത്തിലുണ്ട്. ലിംഗാധിഷ്ടിതമായ ഈ അന്തരം ഏറ്റവുമധികം പ്രകടമായിട്ടുള്ളത് നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ്. വീടുകളിൽ നിന്ന് ചികിത്സാ കേന്ദ്രങ്ങളിലേക്കുള്ള ദൂരം 100കിലോമീറ്ററിൽ അധികമാണെങ്കിലും ചികിത്സാചെലവ് അധികമാണെങ്കിലും ഈ പക്ഷപാതം വീണ്ടും കൂടുകയാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികളിൽ കാൻസർ സ്ഥിരീകരിക്കുന്നുണ്ടെങ്കിൽ അതിനുള്ള പ്രധാന കാരണമായേക്കാവുന്നത് സമൂഹത്തിലെ ലിംഗവിവേചനമാണെന്ന് എയിംസിലെ മെഡിക്കൽ ഓങ്കോളജി വിഭാഗം പ്രൊഫസറായ സമീർ ബക്ഷി വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങളുള്ള പെൺകുട്ടികളിൽ പലരും സ്ഥിരീകരണത്തിന് എത്തുന്ന സാഹചര്യമില്ല. ഇത് പെൺകുട്ടികളിൽ കാൻസർ സ്ഥിരീകരിക്കുന്ന തോത് കുറയ്ക്കുന്നു. കൂടുതൽ പുരുഷാധിപത്യ മനോഭാവമുള്ള ഭാഗങ്ങളിൽ ഈ തോത് പ്രകടമാണെന്നും പഠനത്തിന് നേതൃത്വം നൽകിയവർ ചൂണ്ടിക്കാട്ടുന്നു.
ഇത് പരിഹരിക്കാൻ മതിയായ ബോധവൽക്കരണം നടത്തുകയാണ് പ്രധാനമെന്നും ഡോ.ബക്ഷി അഭിപ്രായപ്പെടുന്നു. സമൂഹത്തിന്റെ പുരുഷാധിപത്യ സ്വഭാവത്തെ ഇല്ലാതാക്കാൻ വിദ്യാഭ്യാസം കൊണ്ടേ കഴിയൂ. അതിനൊപ്പം പെൺകുട്ടികൾക്ക് സൗജന്യ കാൻസർ ചികിത്സയും നൽകുന്നതും പരിഹാരമാകുമെന്നും അദ്ദേഹം പറയുന്നു.
Content Highlights: more boys with cancer being diagnosed than girls in India
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..