കോവിഡിനെതിരെ ഉപയോഗിക്കാവുന്ന ആന്റിവൈറലുകളിലും മറ്റ് മരുന്നുകളിലും ആണ് ഇനി കൂടുതല്‍ ഗവേഷണങ്ങള്‍ വേണ്ടതെന്ന് എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ  പറഞ്ഞു. രാജ്യത്തെ മറ്റ് പ്രമുഖ ഡോക്ടര്‍മാര്‍ക്കൊപ്പം കോവിഡ്-19  ചികിത്സകളെക്കുറിച്ചുള്ള എമര്‍ജിംഗ് കോവിഡ് 19 ട്രീറ്റ്‌മെന്റ് തെറാപ്പീസ് എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദേഹം.

പതിനെട്ടു മാസത്തിലേറെയായി നമ്മള്‍ ചികിത്സാരംഗത്ത് മുന്നേറി. എന്നാല്‍  നിക്ഷേപങ്ങള്‍ മുഴുവനും വാക്‌സിന്‍ വികസനത്തിലേക്ക് പോയി, പക്ഷേ വൈറസിനെതിരെ ഫലപ്രദമാകാന്‍ സാധ്യതയുള്ള ആന്റിവൈറലുകള്‍ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ല. ആന്റിവൈറല്‍ മരുന്ന് പ്രതിരോധ കുത്തിവയ്പ്പിനൊപ്പം, രോഗികള്‍ക്ക് എളുപ്പത്തില്‍ നല്‍കാവുന്നതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനം ഉള്ളതുമാണ്. ഇതിലേക്ക് നമ്മുടെ ശ്രദ്ധ കൂടുതല്‍ തിരിയേണ്ടതുണ്ടെന്നും ഡോക്ടര്‍ ഗുലേറിയ പറഞ്ഞു. ''എപ്പോള്‍ ഏത് മരുന്ന് നല്‍കണം, എപ്പോള്‍ നല്‍കരുത് എന്നതിനെക്കുറിച്ച് ഇപ്പോള്‍ കൃത്യമായ ധാരണയുണ്ട്. മരുന്നിന്റെ സമയം മരുന്നിനോളം പ്രധാനമാണ്. അദേഹം കൂട്ടിച്ചേര്‍ത്തു.

മോണോക്ലോണല്‍ ആന്റിബോഡികളുടെ ഉപയോഗത്തില്‍  പാനലിസ്റ്റുകളെല്ലാം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ ലഭ്യമായിരുന്നെങ്കില്‍ നിരവധി ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ലീലാവതി ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ ഡോക്ടര്‍ ശശാങ്ക് ജോഷി പറഞ്ഞു.

'മോണോക്ലോണല്‍ തെറാപ്പി ഹൈ റിസ്‌ക്ക് ഗ്രൂപ്പിലുള്ള ആളുകള്‍ക്ക് നല്‍കിയാല്‍ ഒരു ജീവന്‍ രക്ഷിക്കാനുള്ള സാധ്യതയുണ്ട്. അത് ഉപയോഗിക്കാന്‍ അനുയോജ്യമായ സമയം 48-72 മണിക്കൂറാണ് . നിര്‍ഭാഗ്യവശാല്‍  മിക്ക രോഗികളും ഈ സമയം കഴിഞ്ഞതിനുശേഷമാണ് ഡോക്ടറുടെ അടുത്ത് എത്തുന്നത്. രണ്ടാമത്തെ തരംഗം കുറയുമ്പോഴാണ്  ഇന്ത്യയില്‍ ഈ മരുന്ന് എത്തിയത്. എന്നാലും ഉപയോഗിച്ചിടത്തെല്ലാം നല്ല ഫലം കണ്ടു.'അദ്ദേഹം പറഞ്ഞു. നിലവില്‍ ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഡെല്‍റ്റ വകഭേദത്തിനെതിരേയും സമ്പര്‍ക്ക രോഗികള്‍ക്കും ഇത് ഫലപ്രദമാണെന്നാണ്. റിക്കവി ഡാറ്റ സൂചിപ്പിക്കുന്നത് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളിലും ഇതിന്റെ ഉപയോഗം ഫലപ്രദമായിരുന്നു എന്നാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

poster

നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ സ്ഥിതിയില്‍ ആശങ്കയുണ്ടെങ്കിലും നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ ചികിത്സ നല്‍കാന്‍ പര്യാപ്തമാണെന്ന്  കേരളത്തില്‍ നിന്നും സെമിനാറില്‍ പങ്കെടുത്ത ഡോക്ടര്‍ പത്മനാഭ ഷേണായ് പറഞ്ഞു. എന്നാല്‍ സജീവ കേസുകളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളില്‍ വന്നാല്‍ കേരളത്തില്‍ കിടക്കകളുടെ ക്ഷാമം വന്നേക്കാം. എന്നാല്‍ വേഗത്തില്‍ പോകുന്ന വാക്‌സിനേഷന്‍ നമുക്ക് ഗുണം ചെയ്യും.  പ്രതിരോധ കുത്തിവയ്പ്പിനു ശേഷവും മതിയായ രോഗപ്രതിരോധ ശേഷി വികസിക്കാത്ത ആളുകളില്‍ മോണോക്ലോണല്‍ ആന്റിബോഡികള്‍ ഉപയോഗിക്കുന്നതിലൂടെ നല്ല ഫലങ്ങള്‍ ലഭിച്ചതായും അദേഹം സാക്ഷ്യപ്പെടുത്തി.

ഇവര്‍ക്ക് പുറമേ, പി.ജി.ഐ.എം.എസ്. റോത്തക്കിലെ നെഞ്ചുരോഗ വിഭാഗം മേധാവി ഡോ. ധ്രുവ ചൗധരി, ചെന്നൈയില്‍ നിന്നും മുതിര്‍ന്ന പകര്‍ച്ച വ്യാധി വിദഗ്ദന്‍ ഡോ. സുബ്രഹ്മണ്യം സ്വാമിനാഥന്‍ എന്നിവരും സെമിനാറില്‍ പങ്കെടുത്തു. ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ആന്റ് വെല്‍ബീയിംഗ് കൗണ്‍സില്‍ (IHW)ആണ് സെമിനാര്‍ സംഘടിപ്പിച്ചത്. 

Content Highlights: More attention should be paid to research on antiviral drugs says Dr. Randeep Guleria, Health