Representative Image| Photo: Canva.com
കൊച്ചി : മഴക്കാലമെന്നാൽ പനിക്കാലം കൂടിയാണ്. ഈ വർഷം പതിവുതെറ്റിച്ച് മഴ എത്താനല്പം വൈകി. പക്ഷേ, പനി മഴയ്ക്കു മുമ്പേതന്നെ ‘പണി’ തുടങ്ങിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
എറണാകുളം ജില്ലയിൽ ജൂൺ ഒന്നു മുതൽ എട്ടുവരെ പനി ബാധിച്ചവരുടെ എണ്ണം 4,911 ആണ്. ജൂൺ ഒന്നിനു മാത്രം പനി ബാധിച്ചവർ 636 ആണ്. ഈ മാസത്തിൽ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചവർ 133-ഉം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടുമാണ്. 316 പേർ ഡെങ്കിപ്പനി സംശയത്തിൽ നിരീക്ഷണത്തിലാണ്.
പനി മാറിയാലും ദീർഘനാളുകളോളം അവശതയും ക്ഷീണവും തുടരുകയാണ്. പനിയും രോഗലക്ഷണങ്ങളും മാറിയാലും മൂന്നുനാലു ദിവസം കൂടി സമ്പൂർണ വിശ്രമം ഉറപ്പുവരുത്തണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.
ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാർഗം. വീടും ചുറ്റുപാടും സ്ഥാപനങ്ങളും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യം ഇല്ലാതാക്കണം.
ആഴ്ചതോറും ഉറവിട നശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കണം. വൃക്തിഗത സുരക്ഷ ഉറപ്പുവരുത്താം.
മാസ്ക് ധരിക്കാം
പനി പടരുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നത് ശീലമാക്കാം. കൊതുകു കടിയേൽക്കുന്ന സാഹചര്യങ്ങളും പരമാവധി ഒഴിവാക്കണം. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ കൃത്യമായ ഇടവേളകളിൽ നടത്തണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
ഡോ.ശ്രീനിവാസ കമ്മത്ത്
ഐ.എം.എ. കൊച്ചി ഘടകം പ്രസിഡന്‌റ്
എന്താണ് ഡെങ്കിപ്പനി ?
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
രോഗലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകടസൂചനകൾ
പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ
സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.
ചികിത്സ പ്രധാനം
എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.
തുരത്താം, കൊതുകിനെ
- കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
- ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
- ജലസംഭരണികൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.
- കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
- ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
- ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.
Content Highlights: Monsoon Diseases and Prevention Tips, Dengue fever Symptoms and causes


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..