മങ്കിപോക്സ് കുറയുന്ന സാഹചര്യമില്ല, ആരോ​ഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം-യു.എസ് എപ്പിഡെമോളജിസ്റ്


Representative Image | Photo: Gettyimages.in

ലോകമെമ്പാടും മങ്കിപോക്സ് കേസുകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് രണ്ടാമതൊരു മങ്കിപോക്സ് കേസ് കൂടി സ്ഥിരീകരിക്കുകയും ചെയ്തു. കൊല്ലത്തും കണ്ണൂരിലുമാണ് രണ്ട് മങ്കിപോക്സ് രോ​ഗികൾ ചികിത്സയിലുള്ളത്. അതിനിടെ മങ്കിപോക്സ് അടുത്തിടെയൊന്നും കുറയുന്ന സാഹചര്യമില്ലെന്നും ഓ​ഗസ്റ്റോടെ ഒരുലക്ഷം കടക്കുമെന്നും വ്യക്തമാക്കുകയാണ് യുഎസിൽ നിന്നുള്ള എപ്പിഡെമോളജിസ്റ്റ് എറിക് ഫീ​ഗൽ ഡിങ്ക്.

മങ്കിപോക്സിനായുള്ള ടെസ്റ്റുകളും വാക്സിനും അമേരിക്കയുൾപ്പെടെ പല രാജ്യങ്ങളിലും അപര്യാപ്തമാണ്. ഇതാണ് മങ്കിപോക്സ് വ്യാപനത്തിനു പിന്നിലെ കാരണങ്ങളിലൊന്ന്. ഈ സാഹചര്യത്തിൽ ലോകാരോ​ഗ്യസംഘടന മങ്കിപോക്സിനെ ആ​ഗോള ആരോ​ഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിക്കാൻ തയ്യാറാകണമെന്നും എറിക് പറയുന്നു.

കഴിയുന്നതും വേ​ഗത്തിൽ മങ്കിപോക്സിനെ ഒരു മഹാമാരിയായി പ്രഖ്യാപിക്കണമെന്നും എറിക് പറയുന്നു. കോവിഡ് കാലത്ത് സംഭവിച്ചതുപോലുള്ള തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ മങ്കിപോക്സ് വിഷയത്തിൽ ആ​ഗോളതലത്തിൽ ജാ​ഗ്രത പുലർത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ രോ​ഗവ്യാപനം സംഭവിച്ചയുടൻ തന്നെ ആരോ​ഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിക്കാതെ വൈകിപ്പിച്ചത് കൊണ്ടുണ്ടായ നഷ്ടങ്ങൾ ഒരു പാഠമാണെന്നും അതു മുന്നിൽക്കണ്ട് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തേ ലോകാരോ​ഗ്യസം​ഘടന മങ്കിപോക്സിനെ ആ​ഗോള ആരോ​ഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് ജൂൺ 23ന് യോ​ഗം ചേർന്നിരുന്നുവെങ്കിലും തൽക്കാലം അതിന്റെ ആവശ്യമില്ലെന്ന് കണ്ടെത്തലിൽ എത്തിച്ചേരുകയായിരുന്നു. വിഷയത്തിൽ ജൂലൈ 21ന് വീണ്ടും യോ​ഗം ചേരാനിരിക്കുകയാണ് ലോകാരോ​ഗ്യസംഘടന.

എന്താണ് മങ്കിപോക്സ്?

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

രോഗ പകർച്ച

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ വാനര വസൂരി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷൻ നിർത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങൾ

സാധാരണഗതിയിൽ വാനര വസൂരിയുടെ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് 5 മുതൽ 21 ദിവസം വരെയാകാം. 2 മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

ചികിത്സ

വൈറൽ രോഗമായതിനാൽ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും വാനരവസൂരിയുടെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്സിനേഷൻ നിലവിലുണ്ട്

പ്രതിരോധം

അസുഖം ബാധിച്ച സമയത്തും, അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.

രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് വാനര വസൂരി വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുൻകരുതലുകളെടുക്കണം.

Content Highlights: monkeypox on track to hit 1 lakh cases globally by august says eric feigl ding

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


07:04

45 വർഷമായി; എത്ര ചെറിയ വേഷം ചെയ്യാൻ വിളിച്ചാലും ഇനിയും അഭിനയിക്കും - അബു സലിം

Mar 13, 2022

Most Commented