ഡൽഹിയിലെ മങ്കിപോക്സ് രോ​ഗികളിലേറെയും ഹെട്രോസെക്ഷ്വൽ വിഭാ​ഗക്കാർ എന്ന് പഠനം


Photo: Nigeria Centre for Disease Control

ലോകത്തെ പല രാജ്യങ്ങളിലും മങ്കിപോക്സ് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ​​ഗൗരവസാഹചര്യം കണക്കിലെടുത്ത് ലോകാരോ​ഗ്യസംഘടന മങ്കിപോക്സിനെ ആ​ഗോള ആരോ​ഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനിടെ മങ്കിപോക്സ് സ്വവർ​ഗരതിക്കാർക്കിടയിലും ബൈസെക്ഷ്വൽ വിഭാ​ഗക്കാർക്കിടയിലും വർധിക്കുന്നുവെന്ന പ്രചാരണങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് രോ​ഗലക്ഷണങ്ങൾ ഉള്ള പലരും ടെസ്റ്റ് ചെയ്യാത്തതും വിവരം റിപ്പോർട്ട് ചെയ്യാത്തതുമൊക്കെ വിദ​ഗ്ധർ പങ്കുവെച്ചിരുന്നു. എന്നാൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മങ്കിപോക്സ് കേസുകളിൽ ഭൂരിഭാ​ഗവും ഹെട്രോസെക്ഷ്വൽ(എതിർലിം​ഗത്തിലുള്ളവരോട് ലൈം​ഗിക ആകർഷണം) വിഭാ​ഗത്തിലുള്ളവരിലാണെന്ന് വ്യക്തമാക്കുന്ന പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും(ഐ.സി.എം.ആർ) പൂണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവിട്ടിരിക്കുന്നത്. ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ച് മങ്കിപോക്സ് കേസുകളെ ആധാരമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. അഞ്ചിൽ മൂന്നു കേസുകളിലും ഹെട്രോസെക്ഷ്വൽ വിഭാ​ഗത്തിലുള്ളവരുടേതാണ്. ബാക്കിയുള്ള രണ്ടുപേർ സെക്ഷ്വൽ കോണ്ടാക്റ്റ് നിഷേധിച്ചവരാണ്. ഈ കേസുകളൊന്നിലും ബൈസെക്ഷ്വൽ, ഹോമോസെക്ഷ്വൽ വിഭാ​ഗക്കാർ ഇല്ലെന്നതാണ് പഠനം വ്യക്തമാക്കുന്നത്.

റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിലെല്ലാം നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അവ പെട്ടെന്നു ഭേദമാവുകയും ചെയ്തു. ലൈം​ഗിക രോ​ഗങ്ങൾ സംബന്ധിച്ച ചരിത്രവും ഈ കേസുകളിലൊന്നിലും കാണപ്പെട്ടില്ല. ഒരാളിൽ മാത്രം ഹെപ്പറ്റൈറ്റിസ് ബി വൈറസ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. മുപ്പതു വയസ്സിനുള്ളിൽ പ്രായമുള്ള മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് രോ​ഗം സ്ഥിരീകരിക്കപ്പെട്ടവർ.

മങ്കിപോക്സ് ലൈം​ഗിക ബന്ധത്തിലൂടെ പടരുന്ന രോ​ഗമാണെന്ന പ്രചാരണത്തിൽ വ്യക്തത വരുത്തി ലോകാരോ​ഗ്യസംഘടന നേരത്തേ രം​ഗത്തെത്തിയിരുന്നു. പല രോ​ഗങ്ങളും ലൈം​ഗിക ബന്ധത്തിലൂടെ പകരാമെന്നും മങ്കിപോക്സും അക്കൂട്ടത്തിൽ പെടുന്നതാണ് എന്നുമാണ് ലോകാരോ​ഗ്യസംഘടനയുടെ സ്ട്രാറ്റജീസ് അഡ‍്വൈസർ ആൻഡീ സിയേൽ വ്യക്തമാക്കിയത്.

ലൈം​ഗിക ബന്ധത്തിലൂടെ പകരുന്ന രോ​ഗം എന്നതിലുപരി അടുത്തിടപഴകുന്ന അവസരങ്ങളിലൂടെ പകരുന്ന രോ​ഗമാണ് ഇത് എന്നാണ് ലോകാരോ​ഗ്യസംഘടന വ്യക്തമാക്കിയത്. പനിയും ജലദോഷവും ഉൾപ്പെടെ പല രോ​ഗങ്ങളും ലൈം​ഗി​ക ബന്ധത്തിലൂടെ പകരാനിടയുണ്ട്. എന്നുകരുതി അത് ലൈം​ഗികബന്ധത്തിലൂടെ പകരുന്ന രോ​ഗാണുബാധയാണ് എന്ന് പറയാൻ കഴിയില്ല. അതാണ് മങ്കിപോക്സിന്റെ കാര്യത്തിലും യഥാർഥമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലൈം​ഗിക ബന്ധം പോലെ അടുത്ത് ഇടപഴകുന്ന അവസരങ്ങളിൽ രോ​ഗം പകരാമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. എന്നാൽ ഒന്നിലധികം പേരുമായി​ ലൈം​ഗികബന്ധം പുലർത്തുന്നവരിൽ രോ​ഗബാധ വേ​ഗത്തിൽ പടരുന്നുവെന്ന് യൂറോപ്യൻ സെന്റർ ഫോർ ‍ഡിസീസ് പ്രിവെൻഷൻ ആൻഡ് കൺട്രോൾ അം​ഗം ഡോ. ആൻഡ്രിയ അമൺ പറഞ്ഞിരുന്നു.

എന്താണ് മങ്കിപോക്സ്?

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

രോഗ പകർച്ച

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ വാനര വസൂരി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷൻ നിർത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങൾ

സാധാരണഗതിയിൽ വാനര വസൂരിയുടെ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് 5 മുതൽ 21 ദിവസം വരെയാകാം. 2 മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

ചികിത്സ

വൈറൽ രോഗമായതിനാൽ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും വാനരവസൂരിയുടെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്സിനേഷൻ നിലവിലുണ്ട്

പ്രതിരോധം

അസുഖം ബാധിച്ച സമയത്തും, അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.

രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് വാനര വസൂരി വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുൻകരുതലുകളെടുക്കണം.

Content Highlights: monkeypox cases in delhi show history of heterosexual contact


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented