ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ 'വീടുകളില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവരെ' ശരിയായി നിരീക്ഷിക്കുകയും പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ആരോഗ്യവകുപ്പ് സെക്രട്ടറി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.

സംസ്ഥാനത്ത് 80 ശതമാനം രോഗികളും വീടുകളിലാണ്. അവര്‍ യഥാര്‍ഥത്തില്‍ വീടുകളില്‍തന്നെ കഴിയുന്നുണ്ടോ അതല്ല, പുറത്തിറങ്ങി രോഗം പരത്തുന്നുണ്ടോ എന്ന് അറിയേണ്ടതാവശ്യമാണ്. ഫലപ്രദവും ശരിയായ നിരീക്ഷണവും വീടുകളില്‍ കഴിയുന്നവരുടെ കാര്യത്തിലുണ്ടാവണമെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഒക്ടോബര്‍, സെപ്റ്റംബര്‍ മാസങ്ങള്‍ നിര്‍ണായകമാണ്. രണ്ടാം തരംഗം കഴിഞ്ഞെന്ന് പറയാനാവില്ല. ആഘോഷങ്ങള്‍ അതിജാഗ്രതയോടെ വേണം. രോഗപരിശോധന കൂട്ടുകയും പോസിറ്റീവ് ആകുന്നവരുമായി സമ്പര്‍ക്കത്തിലായവരെ കണ്ടെത്തുകയും വേണം. പൊതുചടങ്ങുകള്‍ ഒഴിവാക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുകയും വേണം. കേരളത്തിന് ആവശ്യമായ വാക്‌സിന്‍ കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ട്. വാക്‌സിനേഷന്റെ എണ്ണം വര്‍ധിപ്പിക്കണം. കഴിഞ്ഞയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥരും സംസ്ഥാനം സന്ദര്‍ശിച്ചപ്പോഴും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അവ വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് രാജേഷ് ഭൂഷണ്‍ പറഞ്ഞു.

ഒറ്റ ദിവസത്തിനിടെ രോഗം ബാധിച്ച 46,164 പേരില്‍ 58.4 ശതമാനവും കേരളത്തിലാണ്. ചികിത്സയിലുള്ള രോഗികളുടെ 51 ശതമാനവും സംസ്ഥാനത്താണ്. ടി.പി.ആര്‍. പത്ത് ശതമാനത്തില്‍ കൂടുതലുള്ള 41 ജില്ലകളാണ് രാജ്യത്തുള്ളത്.

ദേശീയതലത്തില്‍ രോഗവ്യാപനം കുറഞ്ഞു

കേരളത്തിലൊഴികെ മറ്റിടങ്ങളില്‍ കോവിഡ് നന്നായി കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തുമാത്രമേ ഒരുലക്ഷത്തിലധികം രോഗികളുള്ളൂ. കര്‍ണാടകം, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ 10,000-ത്തിനും 50,000-ത്തിനുമിടയിലാണ് രോഗികളുടെ എണ്ണം. മഹാരാഷ്ട്രയില്‍ 50,000-ത്തിനും ഒരുലക്ഷത്തിനുമിടയ്ക്ക് രോഗികളുണ്ട്. ബാക്കി എല്ലായിടത്തും 10,000-ത്തില്‍ താഴെയേ രോഗികളുള്ളൂ.

കഴിഞ്ഞ മൂന്നാഴ്ചയായി ദേശീയതലത്തില്‍ ടി.പി.ആര്‍. മൂന്ന് ശതമാനത്തില്‍ താഴെയാണ്. മൂന്നാം തരംഗം മുന്നില്‍ക്കണ്ടുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. മെഡിക്കല്‍ ഓക്‌സിജന്‍ ശേഖരിച്ചുവെക്കാന്‍ മേഖലാതലത്തിലും സംസ്ഥാനതലങ്ങളിലും 15,000 പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതില്‍ 900 എണ്ണം ഇതിനകം ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഇതിനുപുറമേ കൂടുതല്‍ ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ ഉണ്ടാക്കാനുള്ള സഹായം കേന്ദ്രം നല്‍കുന്നുണ്ട്.

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നകാര്യം വാക്‌സിന്‍ കാര്യങ്ങള്‍ക്കായുള്ള സാങ്കേതിക ഉപദേശക സമിതി ഉടന്‍ യോഗംചേര്‍ന്ന് തീരുമാനിക്കും.

Content Highlights: Monitor Covid19 patients at home says central health ministry, Health, Covid19