തൃശ്ശൂര്‍: കോവിഡ് ചികിത്സയില്‍ നേട്ടമാകുമെന്ന് വൈദ്യശാസ്ത്രരംഗം വിലയിരുത്തുന്ന മോള്‍നുപിരാവിര്‍ മരുന്നിന്റെ വിലയില്‍ വലിയ കുറവുണ്ടാകാന്‍ സാധ്യത. ഓരോ കമ്പനികളും വില പ്രഖ്യാപിച്ചു തുടങ്ങിയതോടെയാണിത്. 13 നിര്‍മാതാക്കളാണിപ്പോള്‍ മരുന്നുണ്ടാക്കാന്‍ അനുമതി നേടിയിട്ടുള്ളത്.

ആദ്യഘട്ടത്തില്‍ ഒരു കോഴ്സ് മരുന്നിന് പതിനായിരത്തിനുമുകളില്‍ വില വരുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വിലയനുസരിച്ച് ബ്രാന്‍ഡിന്റെ അടിസ്ഥാനത്തില്‍ 2,500 രൂപയില്‍ താഴെയാണ് വരുക. നിലവില്‍ ഓണ്‍ലൈന്‍ ഫാര്‍മസികളില്‍ കൂടുതല്‍ കമ്പനികളുടെ വിലയറിയാന്‍ കഴിയുന്നുണ്ട്. ഇതില്‍ ശരാശരി 40 ഗുളികളുള്ള പായ്ക്കറ്റിന്റെ വില 1,250 രൂപ മുതല്‍ ആറായിരം രൂപ വരെയാണെന്ന് കാണാം. ചില കമ്പനികളുടെ വാഗ്ദാനം ഗുളികയൊന്നിന് വെറും രണ്ടര രൂപയാണ്. ഒരു ബ്രാന്‍ഡും നിലവില്‍ വിപണിയിലെത്തിയിട്ടില്ലെന്നും പറയുന്നു.

കമ്പനികളുടെ മത്സരം മുറുകുന്നതിനു പുറമേ ഫൈസറിന്റെ പുതിയ കോവിഡ് മരുന്ന് വിപണിയിലെത്താറാകുന്നതും വില കുറയാന്‍ കാരണമാകും. മോള്‍നുപിരാവിറിന്റെ ഫലപ്രാപ്തി ഏറ്റവും പുതിയ കണക്കനുസരിച്ച് 30 ശതമാനമാണെങ്കില്‍ ഫൈസര്‍ മരുന്നിന്റേത് 90 ശതമാനമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇന്ത്യയില്‍ പല കമ്പനികളും ഈ മരുന്നിന്റെ നിര്‍മാണത്തിന് അനുമതി നേടാനുള്ള ശ്രമങ്ങള്‍ നടത്തിവരുകയുമാണ്. എന്നാല്‍, ഇതിന്റെ വിലയില്‍ കാര്യമായ കുറവുണ്ടാകാനുള്ള സാധ്യതകള്‍ ഇതുവരെയില്ല.

Content Highlights: Molnupiravir price in India