ന്യൂഡല്‍ഹി: കോവിഡിനെതിരേ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതിനല്‍കിയ ആദ്യ ഗുളികയായ മോള്‍നുപിരാവിറുമായി ബന്ധപ്പെട്ട് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്ന് മരുന്നുകമ്പനികള്‍. 13,000 രോഗികളില്‍ വിദഗ്ധപരീക്ഷണത്തിനുശേഷം വിശദറിപ്പോര്‍ട്ട് കേന്ദ്ര ഡ്രഗ് അതോറിറ്റിക്ക് സമര്‍പ്പിക്കും. മൂന്നുമാസം കൂടുമ്പോള്‍ ഇത് ആവര്‍ത്തിക്കണം.

സിപ്ല, മിലാന്‍, ടോറന്റ്, സണ്‍ ഫാര്‍മ, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങി 13 മരുന്നുകമ്പനികള്‍ക്കാണ് മോല്‍നുപിരാവിര്‍ നിര്‍മാണത്തിന് അനുമതിലഭിച്ചത്. അമേരിക്കന്‍ കമ്പനികളായ മെര്‍ക്ക് ആന്‍ഡ് കമ്പനിയും റിഡ്ജ്ബാക്ക് ബയോ തെറപ്യൂട്ടിക്‌സും സംയുക്തമായി വികസിപ്പിച്ച മരുന്നിന് അടിയന്തരഘട്ടങ്ങളില്‍ മാത്രമാണ് ഉപയോഗം അനുവദിച്ചിട്ടുള്ളത്.

കോര്‍ബിവാക്‌സിന് പരീക്ഷണാനുമതി

കഴിഞ്ഞദിവസം അടയന്തര ഉപയോഗത്തിന് അനുമതിനല്‍കിയ ബയോളജിക്കല്‍ ഇയുടെ 'കോര്‍ബിവാക്‌സ്' മൂന്നാം ഡോസായി ഉപയോഗിക്കുന്നത് പരിഗണനയില്‍. ഇതുമായി ബന്ധപ്പെട്ട് പരീക്ഷണം നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ അനുമതിനല്‍കി. വാക്സിന്റെ രണ്ടു ഡോസും സീകരിച്ചവരില്‍ ആറ്, ഒമ്പത് മാസങ്ങള്‍ക്കുശേഷം രോഗപ്രതിരോധശേഷി പഠിക്കണം. വിവിധ പ്രായക്കാര്‍, 50 ശതമാനം ഗുരുതരരോഗങ്ങളുള്ളവര്‍ തുടങ്ങിയവരില്‍ പരീക്ഷണം നടത്തണമെന്നും കമ്പനിക്ക് നിര്‍ദേശം നല്‍കി. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് മൂന്നാം ഡോസ് പരീക്ഷണത്തിന് നേരത്തേ അനുമതിനല്‍കിയിരുന്നു.

Content Highlights: Molnupiravir- more experiments will be done