പ്രതീകാത്മക ചിത്രം
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അശ്വിന്റെയും സുനുവിന്റെയുമെല്ലാം പേരെഴുതിച്ചേര്‍ത്തത് നൃത്തമികവിന്റെ പേരിലാണ്. പിഴക്കാത്ത ചുവടിനാല്‍ ടൈപ്പ് വണ്‍ പ്രമേഹത്തെ തോല്‍പ്പിച്ചാണ് ഇവര്‍ എ ഗ്രേഡ് നേടിയത്.
2014 മുതല്‍ പത്തനംതിട്ടക്കാരി സുനുവിന്റെ ശരീരത്തോടുചേര്‍ന്ന് ഇന്സുലിന്പമ്പുണ്ട്. ''ആദ്യംവെച്ച പമ്പുകേടായി. കഴിഞ്ഞവര്‍ഷം വീണ്ടും വെച്ചു. മൂന്നരലക്ഷത്തിനുമുകളിലായി ചെലവ്. പലരുടെയും സഹായത്താലാണ് പമ്പുവെച്ചത്. ഇപ്പോള്‍ കലോത്സവം കഴിഞ്ഞുവന്നപ്പോള്‍ വീണ്ടും വയ്യാതായി. രക്തത്തില്‍ അലര്‍ജിയുണ്ട്. എന്താണെന്നറിയാന്‍ പരിശോധിക്കണമെങ്കില്‍ 5000 രൂപയെങ്കിലും ചെലവാകും. കേരള സാമൂഹിക സുരക്ഷാമിഷന്റെ കീഴിലുള്ള പ്രമേഹചികിത്സാപദ്ധതിയായ 'മിഠായി'യിലൂടെ ആകെ കിട്ടുന്നത് സ്ട്രിപ് മാത്രമാണ്. മാസം 15,000 രൂപയെങ്കിലും ചുരുങ്ങിയത് കുഞ്ഞിനായി ചെലവുണ്ട്. മക്കള്‍ക്ക് പഠിക്കാനും ചികിത്സയ്ക്കുമുള്ള ആനുകൂല്യമെങ്കിലും തരാതെ എങ്ങനെ മുന്നോട്ടുപോകും''- സുനുവിന്റെ അമ്മയെപ്പോലെ ഒരുപാട് അച്ഛനമ്മമാരുണ്ട് നിസ്സഹായരായി.
മുതിര്‍ന്നവരുടെ പ്രമേഹമല്ല
മുതിര്ന്നവര്ക്കുവരുന്നപോലുള്ള അതേ പ്രമേഹമാണ് കുഞ്ഞുങ്ങള്ക്കുള്ളതെന്നാണ് പലരുടെയും ധാരണ. അതിനാല്‍ ഭക്ഷണംകഴിച്ച് കൃത്യമായി മരുന്നുകഴിച്ചാല്‍ നിയന്ത്രിക്കാമല്ലോയെന്നാണ് ചോദ്യം. എന്നാല്‍, ഷുഗര്‍നില എപ്പോള്‍ മാറിമറിയുമെന്ന് ഒരു ധാരണയുമുണ്ടാകാറില്ല കുട്ടികളുടെ കാര്യത്തില്‍. ഇന്സുലിന്മാത്രമാണ് ചികിത്സ. കൂടെക്കൂടെ പരിശോധിച്ച് ഷുഗര്‍നില സാധാരണമാണെന്ന് ഉറപ്പാക്കണം.
ഇടയ്ക്കിടെ ബോധരഹിതരാകുന്നതിനാല് രാത്രിപോലും എഴുന്നേറ്റ് തട്ടിനോക്കും രക്ഷിതാക്കള്‍. ''നമ്മളുടെ കൂട്ടത്തിലെ പല കുട്ടികളും ഇപ്പോഴില്ല. നീറിപ്പിടഞ്ഞ് കഴിയുകയാണ് രക്ഷിതാക്കള്‍''- കോഴിക്കോട്ടെ ഒരമ്മ പറഞ്ഞു. 'മിഠായി'യിലൂടെ സഹായമുണ്ടെന്ന് പറയുന്നതിനാല്‍ മറ്റു സാമ്പത്തികസഹായമോ ഇന്‍ഷുറന്‍സോ ഒന്നും ലഭിക്കില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
കുട്ടികളുടെ പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാനും അത് പരിശോധിച്ച് പഠനത്തിനുള്‍പ്പെടെ സഹായംനല്‍കാനും തയ്യാറാകണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
'മിഠായി'യുടെ ലക്ഷ്യം
കുട്ടികളിലെ പ്രമേഹം നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ അല്പം അപകടമാണ്.
സങ്കീര്‍ണമായ പ്രശ്നങ്ങളിലേക്കെത്താതെ കുട്ടികള്‍ക്ക് ആധുനിക ചികിത്സയുറപ്പാക്കുകയാണ് ലക്ഷ്യം. എന്നാല്‍, രോഗമുള്ള കുഞ്ഞുങ്ങളുടെ കുടുംബത്തിനപ്പുറത്തേക്ക് ഇപ്പോഴും ടൈപ്പ് വണ്‍ പ്രമേഹത്തെക്കുറിച്ചുള്ള ധാരണകളെത്തുന്നില്ല.
Content Highlights: mittayi project for type one diabetes patient, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..