പ്രതീകാത്മക ചിത്രം | Photo: canva.com/
കോഴിക്കോട്: ''കഴിഞ്ഞദിവസം സ്കൂള്‍വിട്ട് വീട്ടിലേക്ക് കയറുംമുമ്പേ കുഞ്ഞ് കുഴഞ്ഞുവീണു. ആശുപത്രിയിലായി. ഒറ്റയടിക്കാണ് ഷുഗര്‍ കൂടുകയും കുറയുകയും ചെയ്യുന്നത്. മോന് പത്ത് വയസ്സേയുള്ളൂ. എവിടെയും വിടാറില്ല. സ്കൂളില്‍ പോയാലും പേടിയാ.
ആവശ്യാനുസരണം ശരീരത്തില്‍ ഇന്‍സുലിന്‍ എത്തിക്കുന്ന ഇന്‍സുലിന്‍ പമ്പ് വേണം. അതല്ലെങ്കില്‍ സി.ജി.എം. വെക്കണമെങ്കില്‍ അതിനുപറ്റിയ ഫോണ്‍ വേണം''- മകനെ ആശുപത്രിക്കിടക്കയില്‍ ചേര്‍ത്തുപിടിച്ചാണ് നീലേശ്വരത്തെ അമ്മ പറഞ്ഞത്.
സംസ്ഥാനത്ത് ടൈപ്പ് വണ്‍ പ്രമേഹമുള്ള നൂറുകണക്കിന് കുട്ടികളുണ്ട്. ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെയിരിക്കുന്ന അവസ്ഥയാണ് ടൈപ്പ് വണ്‍ പ്രമേഹം. രണ്ടായിരത്തോളംപേരാണ് കേരള സമൂഹികസുരക്ഷാമിഷന്റെ കീഴില്‍ കുട്ടികള്‍ക്കുള്ള സമഗ്ര പ്രമേഹചകിത്സ സഹായപദ്ധതിയായ മിഠായിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 1250 പേര്‍ക്കാണ് ചികിത്സനല്‍കുന്നത്. ഒന്‍പതുപേര്‍ക്കാണ് ഇന്‍സുലിന്‍ പമ്പ് നല്‍കുന്നത്.
പ്രമേഹനില പരിശോധിച്ച് അതിനനുസരിച്ചാണ് ഇന്‍സുലിന്‍ കൊടുക്കുക. ഇന്‍സുലിന്‍ എടുക്കാനും ഷുഗര്‍ പരിശോധിക്കാനുമായി 10-15 തവണയെങ്കിലും കുഞ്ഞിന്റെ ശരീരത്തില്‍ കുത്തണം. ഇതിനുള്ള പരിഹാരമാണ് ശരീരത്തില്‍ ഘടിപ്പിക്കുന്ന ഇന്‍സുലിന്‍ പമ്പ്. ഇതാകുമ്പോള്‍ സൂചികുത്താതെ ശരീരത്തിലേക്ക് ഇന്‍സുലിന്‍ കടത്തിവിടാനാകും. പമ്പിന് ആറുമുതല്‍ 10 ലക്ഷംവരെ ചെലവുവരും .
സൂചികുത്താതെ ഷുഗര്‍നില അറിയാം
ഷുഗര്‍നില അറിയാനുള്ള മറ്റൊരു സംവിധാനമാണ് കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിങ് (സി.ജി.എം.). ശരീരത്തില്‍ കുത്താതെ ഷുഗര്‍നില അറിയാനാകും. മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചുള്ള സൗകര്യമാണിത്. ഒരാഴ്ചയോ രണ്ടാഴ്ചയോ മാത്രമേ സി.ജി.എമ്മിന് കാലാവധിയുണ്ടാകൂ. ഒരുമാസം ഏതാണ്ട് 20,000 രൂപയിലേറെ ചെലവാകുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
പുതിയതായി രജിസ്റ്റര്‍ചെയ്ത് സഹായം കിട്ടാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണെന്ന് അവര്‍ പറയുന്നു. സ്കൂളുകളിലുള്‍പ്പെടെ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കുടുംബം മാത്രമല്ല, സമൂഹംകൂടി ബോധവത്കരിക്കപ്പെടണമെന്നും അതിനായി ഇടപെടല്‍ നടത്തണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.
Content Highlights: mittayi project for type one diabetes, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..