ഫോട്ടോ: എ.എൻ.ഐ.
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളനുവദിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം.
കോവിഡ് വ്യാപനം വര്‍ധിച്ചതിനെത്തുടര്‍ന്ന് 2020 മാര്‍ച്ച് 24-നാണ് കേന്ദ്രം ദേശീയ ദുരന്തനിവാരണ നിയമപ്രകാരം നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. ഏഴാഴ്ചയായി പ്രതിദിനരോഗികള്‍, രോഗസ്ഥിരീകരണനിരക്ക്, സജീവരോഗികള്‍ എന്നിവ കുറഞ്ഞു. പ്രതിദിനരോഗികളുടെ എണ്ണം രണ്ടായിരത്തിനുതാഴെയാണിപ്പോള്.
സജീവരോഗികളായി 23,913 പേരേയുള്ളൂ. രോഗസ്ഥിരീകരണനിരക്ക് 0.28 ശതമാനമായി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിനൊപ്പം വാക്സിനേഷന് നിരക്കില്‍ വര്ധനയുമുണ്ടായതാണ് ഇതിന് കാരണം. രാജ്യത്ത് 181.56 കോടി ഡോസ് കുത്തിവെപ്പെടുത്തു.
രോഗവ്യാപനത്തോതിനെക്കുറിച്ച് നിരന്തരനിരീക്ഷണം സംസ്ഥാനങ്ങളിലുണ്ടാകണം. രോഗം വര്‍ധിച്ചാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. കണ്ടെയ്ന്മെന്റ് മേഖലകളിലുള്ള നിയന്ത്രണങ്ങള്‍ അത്തരം സാഹചര്യത്തില്‍ തുടരാം.
മറ്റ് ഇളവുകള്‍
- കമ്പോള-വ്യാപാര മേഖലകള്‍, കായികം, വിദ്യാഭ്യാസം, സാമൂഹിക-സാംസ്കാരിക പരിപാടികള്‍, ആഘോഷങ്ങള്‍, വിനോദമേഖല തുടങ്ങിയ ഇടങ്ങളിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാം.
- വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാധാരണ ക്ലാസുകള്‍ ആരംഭിക്കാം. ആവശ്യമെങ്കില്‍ ഓഫ്ലൈന്-ഓണ്‍ലൈന്‍ രീതിയില്‍ ക്ലാസുകള്‍ നടത്താം.
- വിവാഹം, മരണാനന്തരച്ചടങ്ങ് എന്നിവയില്‍ നിയന്ത്രങ്ങളില്ല
- ഷോപ്പിങ് മാള്‍, സിനിമാ തിയേറ്റര്‍, റെസ്റ്റോറന്റ്, ബാര്‍, ജിം, സ്പാ, സ്വിമ്മിങ് പൂള്, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ആള്ക്കൂട്ടനിയന്ത്രണമില്ല.
- പൊതുഗതാഗതങ്ങള്ക്കും അന്തസ്സംസ്ഥാനയാത്രകള്ക്കും നിയന്ത്രണങ്ങളില്ല
- സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ മുഴുവന്‍ ഹാജര്‍.
കോഴിക്കോട്: മാസ്ക് ഒഴിവാക്കാന്‍ സമയമായിട്ടില്ലെന്നും കോവിഡ്ഭീതിയില്നിന്ന് നാം പൂര്‍ണമായി മുക്തരായിട്ടില്ലെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്‍ കോശി, സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവര്‍ പറഞ്ഞു.
ഒമിക്രോണ്‍ ബാധിതര്‍ ഇപ്പോഴും ആശുപത്രികളിലെത്തുന്നുണ്ട്. ജൂലായിയോടെ രോഗത്തിന്റെ നാലാംതരംഗം പ്രത്യക്ഷപ്പെട്ടേക്കാം. അതിനാല്‍ ഇപ്പോള്‍ മാസ്ക് ഒഴിവാക്കുന്നത് ശരിയല്ല. രോഗത്തെ നേരിടാനുള്ള ശാസ്ത്രീയമാര്‍ഗം, മാസ്ക് ധരിക്കുന്നത് തന്നെയാണ് -ഐ.എം.എ. അറിയിച്ചു.
Content Highlights: Covid19, Corona Virus, Health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..