കൊച്ചി: മാനസിക പ്രശ്നങ്ങൾക്ക് ചികിത്സാ ഇൻഷുറൻസ് നൽകാൻ മടിച്ച് കന്പനികൾ. മാനസിക ചികിത്സ തേടിയാൽ ആ പേരിൽ മറ്റ് ചികിത്സാ ഇൻഷുറൻസ് പോലും തള്ളിക്കളയുകയാണ് കമ്പനികൾ. ‘മാനസികാരോഗ്യ സംരക്ഷണ നിയമം 2017’ പ്രകാരം മാനസികാരോഗ്യ ചികിത്സയ്ക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് ഉത്തരവുള്ളപ്പോഴാണ് ഇത്.

സ്വകാര്യ ആശുപത്രിയിൽ ബൈ പോളാർ രോഗത്തിന് ചികിത്സതേടിയ വ്യക്തിക്ക്‌ രണ്ട് ഇൻഷുറൻസ് കമ്പനികളാണ് ഇൻഷുറൻസ് നിഷേധിച്ചത്. ഇദ്ദേഹം ഇൻഷുറൻസ് ഓമ്പുഡ്‌സ്‌മാന് പരാതി നൽകിയിരിക്കുകയാണ്. ഡിപ്രഷന് ചികിത്സ തേടി രോഗമുക്തനായ മറ്റൊരു വ്യക്തി ഹൃദ്രോഗ ചികിത്സയ്ക്കായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോഴാണ് ഒരുവട്ടം മാനസികാരോഗ്യ ചികിത്സ തേടിയതിനാൽ ഇൻഷുറൻസ് നൽകാൻ സാധിക്കില്ലെന്ന് മറുപടി നൽകിയത്. മാനസികാരോഗ്യ ചികിത്സ തേടിയ വ്യക്തി കോവിഡ് ബാധിതനായതിന് ശേഷം കോവിഡ് ഇൻഷുറൻസിന് അപേക്ഷിച്ചെങ്കിലും അതും തള്ളിക്കളയുകയായിരുന്നു.

ഏതൊരു രോഗവുംപോലെ തലച്ചോറിലെ രാസ വ്യതിയാനം കൊണ്ടുണ്ടാകുന്നതാണ് മാനസിക രോഗങ്ങളെന്നും ഇൻഷുറൻസ് നൽകിയേ തീരൂ എന്നും മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

2018 മേയ് 29-നാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ്‌ ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ എല്ലാ ഇൻഷുറൻസ് കമ്പനികളും ‘മെന്റൽ ഹെൽത്ത് കെയർ ആക്ട്-2017’ പാലിച്ച് മാനസികാരോഗ്യത്തിന് ഇൻഷുറൻസ് നൽകണമെന്ന് ഉത്തരവിട്ടത്. എന്നാൽ ഇതുവരെ ഇത് നടപ്പായിട്ടില്ല.

ലാബ് പരിശോധനാഫലം വച്ച് ചികിത്സ നടത്താൻ സാധിക്കാത്ത ഒന്നാണ് മാനസികാരോഗ്യ ചികിത്സ. ഡോക്ടർമാരും രോഗിയും പറയുന്നത് വിശ്വസിക്കുക മാത്രമാണ് കമ്പനികൾക്ക് സാധിക്കുക. ഇതാകാം കമ്പനികൾ പരിരക്ഷ ഉറപ്പാക്കാൻ മടിക്കുന്നത്. എന്നാൽ, കമ്പനികളിൽ ഒരു സൈക്യാട്രിസ്റ്റിനെ ഉപദേഷ്ടാവായി നിയമിച്ച് ഈ അവസ്ഥ മറികടക്കാമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റ് ഡോ. അരുൺ ബി. നായർ പറഞ്ഞു. ക്ലെയിം തള്ളിക്കളഞ്ഞാൽ ഒരു സൈക്യാട്രിസ്റ്റ് തന്നെ അത് നിർണയം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജഡ്‌ജിയാകാം, എന്നാലും ഇൻഷുറൻസ് ലഭിക്കില്ല

ബൈ പോളാർ രോഗമുള്ള വ്യക്തിക്ക്‌ ജുഡീഷ്യൽ ഓഫീസറാകാം എന്ന് സുപ്രീംകോടതി ഉത്തരവിട്ട നാട്ടിലാണ് അതേ ചികിത്സയ്ക്ക് ഇൻഷുറൻസ് ലഭിക്കാത്തത്. പുതിയ നിയമം അനുസരിച്ച് മനസ്സിന്റെ രോഗത്തിന് വിവേചനം പാടില്ല. മാനസികാരോഗ്യ ചികിത്സയ്ക്ക് മെഡിക്കൽ ഇൻഷുറൻസ് വേണം. കമ്പനികൾക്ക് ഇതിനെക്കുറിച്ച് അറിവില്ലാത്തതാണ് കാരണം.

- ഡോ. സി.ജെ. ജോൺ

മാനസികാരോഗ്യ വിദഗ്ധൻ‍.

Content highlights: Mental health problems, Insurance companies are hesitate insure