തൃശ്ശൂര്‍: മരുന്നിന്റെ അളവില്‍ ഏറ്റക്കുറച്ചിലുണ്ടാകുമെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് മെഡ്ട്രോണിക്‌സിന്റെ ഇന്‍സുലിന്‍ പമ്പുകളുടെ ഉപയോഗത്തില്‍ മുന്നറിയിപ്പ്. തകരാര്‍ ബോധ്യപ്പെട്ട രണ്ട് ബാച്ച് ഉപകരണങ്ങള്‍ കമ്പനി സ്വയം തിരിച്ചുവിളിക്കുകയും ചെയ്തു.

ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഇന്ത്യയില്‍ നല്‍കിയ മുന്നറിയിപ്പ് ചില ഉപകരണങ്ങള്‍ക്ക് അമേരിക്കന്‍ അധികൃതരും പുറപ്പെടുവിച്ചിട്ടുണ്ട്.

മിനിമെഡ് 620 ജി, 640 ജി എന്നീ ഇന്‍സുലിന്‍ പമ്പുകള്‍ക്കും അവയുടെ കിറ്റുകള്‍ക്കുമാണ് ഇവിടെ കുഴപ്പം. അമേരിക്കയിലിത് 630 ജി, 670 ജി ഉപകരണങ്ങള്‍ക്കാണ്.

കൗമാരക്കാരില്‍ കാണുന്ന ടൈപ്പ് വണ്‍ പ്രമേഹരോഗികളിലാണ് പ്രധാനമായും പമ്പുകള്‍ ഉപയോഗിക്കുന്നത്. ഇതില്‍നിന്ന് ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ കൃത്യമായ ഇടവേളകളിലും അളവിലും ലഭ്യമാകും. കുഴപ്പം കണ്ടെത്തിയ പമ്പുകളിലെ സംരക്ഷണവളയത്തിനാണ് പ്രശ്നം.

ഇതുമൂലം ചിലപ്പോള്‍ അളവില്‍ക്കൂടുതല്‍ ഇന്‍സുലിന്‍ രോഗിയിലെത്തും. ഹൈപ്പോഗ്ലൈസീമിയ എന്ന രോഗാവസ്ഥയ്ക്കിത് കാരണമാകും. വളയത്തിന്റെ കുഴപ്പം കാരണം പമ്പും ഇന്‍സുലിന്‍ സംഭരണിയും തമ്മിലുള്ള ബന്ധം മുറിയുകയും വേണ്ടത്ര മരുന്ന് കിട്ടാത്ത സാഹചര്യമുണ്ടാകുകയും ചെയ്യാം. ഇതുമൂലം ഹൈപ്പര്‍ ഗ്ലൈസീമിയ എന്ന അവസ്ഥയിലേക്ക് പോകും. ഇതുരണ്ടും ജീവനുതന്നെ ഭീഷണിയായേക്കാവുന്ന രോഗാവസ്ഥകളാണ്.

ഏറ്റവും ഗുരുതരമായ തിരിച്ചുവിളിക്കല്‍ മുന്നറിയിപ്പാണ് അമേരിക്കന്‍ അധികൃതര്‍ നല്‍കിയിരിക്കുന്നത്.

അവിടെ നാലരലക്ഷത്തിലധികം പമ്പുകളാണ് തിരിച്ചുവിളിച്ചത്. ഇന്ത്യയില്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഉപഭോക്താക്കളില്‍നിന്ന് പരാതികളൊന്നും കിട്ടിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഉപഭോക്താക്കള്‍ക്ക് ഉപകരണത്തിന്റെ സൗജന്യവിതരണം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കമ്പനി ഉറപ്പുപറയുന്നുണ്ട്.

Content Highlights: Medtronic is recalling defective MiniMed insulin pumps, Health, Diabetes