Representative Image | Photo: Gettyimages.in
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ജൂലായ് ഒന്നിന് തുടങ്ങിയ ചികിത്സാ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ പരാതിപ്രവാഹം. കരാറിൽ അംഗീകരിച്ച ചികിത്സയ്ക്കുപോലും ഇൻഷുറൻസ് പരിരക്ഷ നൽകാൻ സ്വകാര്യാശുപത്രി അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി. പദ്ധതിയിൽ അംഗമായ ആശുപത്രികൾപോലും പിൻവാങ്ങാൻ സമ്മർദം ചെലുത്തുന്നുണ്ട്.
ചില ലോബികൾ മെഡിസെപ്പിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇതേക്കുറിച്ചും പദ്ധതി കാര്യക്ഷമമാക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ബുധനാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. ആരോഗ്യവകുപ്പധികൃതരും ഇൻഷുറൻസ് കമ്പനി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
കൊല്ലത്തെ ഒരാശുപത്രിയിൽ ഐ.സി.യു.വിൽ ചികിത്സയിലുള്ള ഒരു രോഗിക്ക് അതേ ആശുപത്രിയിലെ മറ്റൊരു വകുപ്പ് ചികിത്സ നിഷേധിച്ചതായി പരാതിയുണ്ട്. കരാർലംഘനം നേരിടേണ്ടിവന്നാലും പദ്ധതിയിൽനിന്ന് പിന്മാറുമെന്ന് ഒരു പ്രമുഖ ആശുപത്രി അറിയിച്ചിട്ടുണ്ട്.
ചില സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ പോളിസികൾ ഉള്ള സർക്കാർ ജീവനക്കാർക്ക് ചികിത്സാ നിരക്ക് കുറയ്ക്കാമെന്ന വാഗ്ദാനവും നൽകിയിട്ടുണ്ട്. ഈ ആശുപത്രിയധികൃതർ സർക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
പദ്ധതിയിൽ അംഗമായ ആശുപത്രികൾക്ക് വേണ്ട നിർദേശങ്ങൾ ഇനിയും നൽകിയിട്ടില്ലെന്ന പരാതിയും ഉണ്ട്. അംഗങ്ങളുടെ പരാതികളും സംശയങ്ങളും പരിഹരിക്കാൻ ഹെൽപ് ഡെസ്കിന് രൂപം നൽകിയിട്ടില്ല. ഇതിലേക്കായി കരാർ നിയമനങ്ങൾക്ക് തസ്തിക സൃഷ്ടിച്ചിട്ടേയുള്ളൂ. പദ്ധതി തുടങ്ങുന്നത് തടസ്സപ്പെടുത്താൻ ചില കേന്ദ്രങ്ങൾ നിയമനടപടിക്ക് തുനിഞ്ഞേക്കുമെന്ന വിവരം കിട്ടിയതിനാലാണ് പെട്ടെന്ന് തുടങ്ങാൻ തീരുമാനിച്ചതെന്ന് സർക്കാർവൃത്തങ്ങൾ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..