തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്നുവിപണന സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ തടയാനും ഗുണനിലവാര പരിശോധന ഉറപ്പിക്കാനും അവശ്യമായ പരിശോധന നടക്കുന്നില്ലെന്ന് അക്കൗണ്ടന്റ് ജനറലിന്റെ(എ.ജി.) റിപ്പോര്‍ട്ട്. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. വര്‍ഷത്തിലൊരിക്കല്‍ ലൈസന്‍സിങ് സ്ഥാപനങ്ങള്‍ പരിശോധിക്കണമെന്ന നിബന്ധന ഉദ്യോഗസ്ഥരുടെ കുറവുകാരണം നടക്കുന്നില്ലെന്ന് എ.ജി. കുറ്റപ്പെടുത്തുന്നു.

2900 സ്ഥാപനങ്ങളുള്ള കോഴിക്കോട് ജില്ലയില്‍ നാല് ഇന്‍സ്‌പെക്ടര്‍മാരാണുള്ളത്. വര്‍ഷത്തിലൊരിക്കല്‍ എല്ലാ സ്ഥാപനങ്ങളും പരിശോധിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ലെന്നാണ് എ.ജി.യുടെ കണ്ടെത്തല്‍.

തൃശ്ശൂര്‍ ഓഫീസില്‍ 2014-'17 കാലത്ത് നടത്തിയ പരിശോധനയിലും ഇതേ ന്യൂനതയുണ്ട്. കെ. കുട്ടി അഹമ്മദ്കുട്ടി ചെയര്‍മാനായ നിയമസഭാ സമിതി 2009-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും മരുന്നുകളുടെ ഗുണനിലവാര പരിശോധന കര്‍ശനമാക്കണമെന്നും പോരായ്മകള്‍ പരിഹരിക്കണമെന്നും ശുപാര്‍ശയുണ്ട്. ഇതിനാവശ്യമായ രീതിയില്‍ വകുപ്പിനെ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നുണ്ട്.

ReadMore: വിപണിയിലുള്ള മരുന്നുകള്‍ രണ്ടരലക്ഷം; ഗുണനിലവാരം പരിശോധിക്കുന്നത് 800-ല്‍ താഴെ

അന്വേഷണത്തില്‍, വില്‍പ്പനയ്ക്ക് ആനുപാതികമായി മരുന്നുകള്‍ പരിശോധിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഇത് ശരിവെക്കുന്നതാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കരണ വകുപ്പിന്റെയും റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മരുന്ന് ഉപയോഗം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലായതിനാല്‍ 250 സ്ഥാപനങ്ങള്‍ക്ക് ഒരു ഉദ്യോഗസ്ഥനെ വീതം നിയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Medicine quality inspection, Health