ആലപ്പുഴ: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വന്ധ്യതാചികിത്സയ്ക്ക് ഇനി മെഡിക്കല്‍ റീ ഇംബേഴ്‌സ്മെന്റ് അനുവദിക്കും. മൂന്നുതവണ ഐ.വി.എഫ്. (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍) ചികിത്സ നടത്തുന്നതിനുള്ള സഹായവും നല്‍കും.

ഇതുസംബന്ധിച്ചുള്ള അറിയിപ്പ് എല്ലാ ട്രഷറി ഓഫീസര്‍മാര്‍ക്കും നല്‍കി. സര്‍വീസ് കാലയളവില്‍ മൂന്നുപ്രാവശ്യം ക്ലെയിംചെയ്യാം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ പരിശോധിച്ചശേഷമാണ് ക്ലെയിം തീര്‍പ്പാക്കുക.

ഐ.വി.എഫ്. സംബന്ധിച്ച മെഡിക്കല്‍ റീഇംബേഴ്‌സ്മെന്റ് ക്ലെയിമുകളുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥന്റെ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തുകയും ചെയ്യും.

ചികിത്സ ഏതെങ്കിലും വിഭാഗത്തില്‍ മാത്രം

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ റീഇംബേഴ്സ്മെന്റിനായി ക്ലെയിംചെയ്യുമ്പോള്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നിവയില്‍ ഒന്നില്‍മാത്രം ചികിത്സ നേടിയതായിരിക്കണം. പല വിഭാഗങ്ങളില്‍ നടത്തുന്ന ചികിത്സാബില്ലുകള്‍ സ്വീകരിക്കില്ല.

50,000 രൂപവരെയുള്ള ബില്ലുകള്‍ ജില്ലാ ട്രഷറി ഓഫീസര്‍ക്ക് പരിശോധിച്ചു തീര്‍പ്പാക്കാം. അതിനുമുകളില്‍ രണ്ടുലക്ഷം രൂപവരെയുള്ള ബില്ലുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പരിശോധനയ്ക്കുശേഷം ട്രഷറി ഓഫീസര്‍ പാസാക്കിനല്‍കും. അതിനും മുകളിലുള്ളത് ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരിശോധനയ്ക്കുശേഷമാണ് പാസാക്കിനല്‍കുക.

സ്വകാര്യ ആശുപത്രിയിലെ ചികിത്സാബില്ലുകള്‍ ഒരുലക്ഷം രൂപയ്ക്കു മുകളിലുള്ളതും ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരിശോധനയ്ക്കു വിധേയമാണ്. സ്വകാര്യ ആശുപത്രിയിലെ ചികിത്സാച്ചെലവിന്റെ 80 ശതമാനം മാത്രമാണ് ക്ലെയിമായി നല്‍കുകയുള്ളൂ.

Content Highlights: Medical reimbursement for infertility treatment for officials, Health, Infertility