Representative Image| Photo: Canva.com
നാദാപുരം: നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ ഏഴാംവാർഡിൽ രണ്ടും ഒൻപതാം വാർഡിൽ ഒരാൾക്കും അഞ്ചാംപനി റിപ്പോർട്ട് ചെയ്തു. ഇതോടെ ഗ്രാമപ്പഞ്ചായത്തിൽ മാത്രം അഞ്ചാംപനി ബാധിച്ചവരുടെ എണ്ണം 39 ആയി ഉയർന്നു. നിലവിൽ താലൂക്ക് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലുള്ള രണ്ടു കുട്ടികളെ ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ വടകര താലൂക്ക് ആശുപത്രിയിലേക്ക് റഫർചെയ്തു.
വിവിധഭാഗങ്ങളിൽ അഞ്ചാംപനി റിപ്പോർട്ട് ചെയ്തതോടെ ശക്തമായ ബോധവത്കരണപദ്ധതിയുമായി അധികൃതർ രംഗത്തെത്തി. അഞ്ചാംപനി കൈകാര്യംചെയ്യുന്നതിനുവേണ്ടി ആരോഗ്യവകുപ്പിന്റെ നേത്യത്വത്തിൽ പ്രധാനാധ്യാപകർക്കും സ്കൂൾ പി.ടി.എ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മദർ പി.ടി.എ. പ്രസിഡന്റ്, എസ്.എം.സി. ചെയർമാൻ എന്നിവർക്കുവേണ്ടി 24-ന് ബോധവത്കരണ പരിപാടി നടത്തും.
രാവിലെ 10 മണിക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിപാടി. ബുധനാഴ്ച രാവിലെ ഒൻപതുമണിക്ക് അഞ്ചാംപനിക്കെതിരേയുള്ള എം.ആർ. വാക്സിൻ സത്യവും മിഥ്യയും എന്നപേരിൽ ഒരു ടേബിൾടോക്ക് ആറാംവാർഡിൽ തെരുവൻപറമ്പത്തുവെച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഡോക്ടർമാർ വാക്സിൻ സംബന്ധിച്ച് പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മറുപടിനൽകും.
300 കുട്ടികൾ വാക്സിനെടുക്കാൻ ബാക്കി
നാദാപുരം ഗ്രാമപ്പഞ്ചായത്തിൽ അഞ്ചാംപനിക്കെതിരേയുളള വാക്സിനെടുക്കാൻ നിരവധികുട്ടികൾ ബാക്കിയായതായി ഗ്രാമപ്പഞ്ചായത്ത് അധികൃതർ. ഏകദേശം 300 കുട്ടികൾ വാക്സിനെടുക്കാൻ ബാക്കിയുള്ളതായാണ് കണക്ക്. നേരത്തേ 331 കുട്ടികളാണ് വാക്സിനെടുക്കാൻ ബാക്കിയുണ്ടായിരുന്നത്. ഇതിൽ 31 കുട്ടികൾ മാത്രമാണ് ഒരാഴ്ചയ്ക്കുള്ളിൽ വാക്സിനെടുത്തത്.
വാക്സിനെടുക്കാനുള്ള ആവശ്യമുന്നയിച്ച് മൂന്നിലധികം തവണ ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരും കയറിയിറങ്ങിയിട്ടുണ്ട്. പലരും വാക്സിനെടുക്കാത്തത് തെറ്റിദ്ധാരണമൂലമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വിശദീകരിക്കുന്നു.
Content Highlights: measles outbreak in nadapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..