Representative Image| Photo: Canva.com
മലപ്പുറം: ജില്ലയിലെ 68 ആരോഗ്യകേന്ദ്ര പരിധിയിലേക്ക് അഞ്ചാംപനി പടര്ന്നിരിക്കേ പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്കാന് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. ചൊവ്വാഴ്ച 43 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 426 ആയി.
മൂന്നാഴ്ച മുന്‍പ് കല്‍പ്പകഞ്ചേരിയില്‍ പൊട്ടിപ്പുറപ്പെട്ടതാണ് രോഗം. കഴിഞ്ഞദിവസത്തെ കണക്കുപ്രകാരം ജില്ലയിലെ അഞ്ചുവയസ്സില്‍ താഴെയുള്ള 4,70,547 കുട്ടികളില്‍ ഇതുവരെ ഒന്നാം ഡോസ് പ്രതിരോധ കുത്തിവെപ്പെടുക്കാത്ത 69,771 പേരും രണ്ടാം ഡോസ് എടുക്കാത്ത 94,480 പേരുമുണ്ട്. രോഗം ബാധിച്ചവരില്‍ മഹാഭൂരിഭാഗവും കുത്തിവെപ്പെടുക്കാത്തവരാണ്. കല്‍പ്പകഞ്ചേരിയിലാണ് ഇപ്പോഴും കൂടുതല്‍പേര്‍ക്ക് രോഗം റിപ്പോര്‍ട്ട്ചെയ്തിരിക്കുന്നത്; 81 പേര്‍ക്ക്. മലപ്പുറം താലൂക്ക് ആശുപത്രി പരിധിയില്‍ 34 പേര്‍ക്കും പൂക്കോട്ടൂര്‍ ആരോഗ്യകേന്ദ്ര പരിധിയില്‍ 31 പേര്‍ക്കും പാങ്ങ് ആരോഗ്യകേന്ദ്രത്തില്‍ 27 പേര്‍ക്കും രോഗം റിപ്പോര്‍ട്ട്ചെയ്തു. താനാളൂരില്‍ 15 പേര്‍ക്ക് രോഗമുണ്ട്.
ആരോഗ്യവകുപ്പ് ജില്ലയെ 22 ആരോഗ്യബ്ലോക്കുകളായി തിരിച്ചാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതില്‍ നിലമ്പൂര്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് ഒഴികെയുള്ള മറ്റ് 20 ബ്ലോക്കുകളിലും രോഗബാധയുണ്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണംതേടി കളക്ടര്‍ വി.ആര്. പ്രേംകുമാര്‍ ബുധനാഴ്ച 11.30-ന് കളക്ടറേറ്റില്‍ മതസംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.
അഞ്ചാംപനി അഥവാ മീസല്‍സ് ഇവ ശ്രദ്ധിക്കാം
രോഗം
വൈറസാണ് രോഗം പരത്തുന്നത്. വായുവിലൂടെ അതിവേഗം പകരും. ഉമിനീര്ത്തുള്ളിയിലൂടെയും പകരാം. കോവിഡിനേക്കാള്‍ വ്യാപനശേഷിയുണ്ട്.
ലക്ഷണം
കണ്ണ് ചുവന്നുവരും. വായില്‍ തരിതരിപോലെ ഉണ്ടാകും. നാലഞ്ചുദിവസംകൊണ്ട് മുഖത്തും ദേഹമാസകലവും തരിതരിപോലെ പൊന്തും. ജലദോഷ ലക്ഷണങ്ങളും കാണിക്കും.
പ്രത്യാഘാതം
കുറച്ചുകാലത്തേക്കെങ്കിലും രോഗപ്രതിരോധശേഷി തീര്‍ത്തും കുറയും. ഈ കാലയളവില്‍ ബാക്ടീരിയ ആക്രമണംമൂലം പലവിധ രോഗങ്ങള്‍ വരാം. വയറിളക്കം, ന്യുമോണിയ, തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് തുടങ്ങിയവ വന്നേക്കാം. അപസ്മാരത്തിനിടയാക്കും. മരണംവരെ സംഭവിക്കാം. മുംബൈയില്‍ അടുത്തകാലത്ത് എട്ടുകുട്ടികള്‍ ഈ രോഗം ബാധിച്ച് മരിച്ചു.
ഭാവിയിലും രോഗസാധ്യത
അഞ്ചാംപനി ബാധിച്ചവര്‍ക്ക് പത്തുവര്‍ഷത്തിനുശേഷവും തലച്ചോറിനെ ബാധിക്കുന്ന പലവിധ രോഗങ്ങള്‍ വരും.
എങ്ങനെ തടയാം ?
മീസല്‍സ് റൂബെല്ല (എം.ആര്.) വാക്സിന് രണ്ടുഡോസ് എടുത്താല്‍ 80-90 ശതമാനം പേര്‍ക്കും രോഗംവരാതെ കഴിയും. കുഞ്ഞ് ജനിച്ച് ഒമ്പതുമാസമാകുമ്പോള് ഒന്നാംഡോസും ഒന്നരവയസ്സാകുമ്പോള്‍ രണ്ടാംഡോസും എടുക്കണം. അഞ്ചുവയസ്സിനുള്ളിലെങ്കിലും രണ്ടുഡോസും എടുത്തിരിക്കണം. അഞ്ചാംപനിയുടെ മാത്രമല്ല, കേന്ദ്ര സര്‍ക്കാര്‍ ദേശീയ പ്രതിരോധ പരിപാടിയില്‍ പെടുത്തിയിരിക്കുന്ന എല്ലാ പ്രതിരോധ കുത്തിവെപ്പുകളും 16 വയസ്സിനകം എടുക്കേണ്ടതുണ്ട്. ആറായിരത്തോളം രൂപ വിലവരുന്ന വിവിധ വാക്സിനുകളാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നത്.
(വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. കെ.കെ. അക്ബര്‍ സാദിഖ്, ഡോ. കെ.കെ. ജോഷി)
സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തണം
അഞ്ചാംപനിക്കെതിരായ കുത്തിവെപ്പിന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സംവിധാനം ഒരുക്കിയിട്ടുണ്ടെന്നിരിക്കെ എല്ലാവരും ഈ സൗകര്യം ഉപയോഗപ്പെടുത്തണം. വരുംതലമുറയെ മാരക രോഗങ്ങളില്‍നിന്നു രക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. ജില്ലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നേറുകയാണ്.
മന്ത്രി വി. അബ്ദുറഹ്മാന്
ഒറ്റക്കെട്ടായി പ്രതിരോധിക്കണം
അഞ്ചാംപനി പോലുള്ള പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ പ്രധാനമാണ് രോഗം വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടല്‍. ആരോഗ്യവകുപ്പ് നടത്തുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളോട് എല്ലാവരും സഹകരിക്കണം. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്കാന് പ്രത്യേകം ശ്രദ്ധിക്കണം.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
കുത്തിവെപ്പുകളോട് സഹകരിക്കുക
ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. പ്രതിരോധ കുത്തിവെപ്പുകളോട് സഹകരിക്കണം. ആരോഗ്യസംരക്ഷണം വിശ്വാസിയുടെ ബാധ്യതയാണ്.
സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
കേരള മുസ്ലിം ജമാഅത്ത് ജനറല്‍സെക്രട്ടറി, മഅദിന്‍ ചെയര്മാന്
കുത്തിവെപ്പെടുക്കാം, രോഗങ്ങള്‍ തടയാം
എല്ലാ രോഗത്തിനും മരുന്നില്ല. പക്ഷേ തടയാന്‍ കഴിയുന്ന രോഗങ്ങളുണ്ട്. കുട്ടികളില്‍ വന്നാല്‍ ഗുരുതരമാകുന്ന രോഗങ്ങള്‍ പലതും പ്രതിരോധ കുത്തിവെപ്പ് വഴി തടയാം. അങ്ങനെ ചെയ്തില്ലെങ്കില്‍ അവരുടെ മാനസികവും ശാരീകവും ബുദ്ധിപരവുമായ വളര്‍ച്ചയെ ബാധിക്കും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി പ്രതിരോധ വാക്സിനുകള്‍ ലഭ്യമാണ്.
ഡോ. ആര്. രേണുക, ജില്ലാ മെഡിക്കല്‍ ഓഫീസര്‍
Content Highlights: measles outbreak in malappuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..