തൃശ്ശൂര്‍: ഒരു എം.ബി.ബി.എസ്. ബാച്ച് ഒരു ഗ്രാമം ദത്തെടുത്ത് സാമൂഹികാരോഗ്യ സ്ഥിതി മെച്ചമാക്കാനുള്ള നടപടികള്‍ ആലോചനയില്‍. ഗ്രാമീണകുടുംബങ്ങളെ ആരോഗ്യപരിപാലന വിഷയത്തില്‍ ദത്തെടുക്കുന്ന രീതിയാണ് മെഡിക്കല്‍ പഠനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നത്.

ഒരു വിദ്യാര്‍ഥിക്ക് അഞ്ചുമുതല്‍ ഏഴുവരെ കുടുംബങ്ങളുടെ ചുമതലയാണ് ഉണ്ടാവുക. ഇവരുടെ ആരോഗ്യപ്രശ്നത്തിലെല്ലാമുള്ള പ്രാഥമിക ഉപദേശകന്റെ റോളായിരിക്കും വിദ്യാര്‍ഥിക്ക്. ദേശീയ മെഡിക്കല്‍ കമ്മിഷന്റെ ബിരുദപഠന ബോര്‍ഡിന്റെ മേധാവി ഡോ. അരുണ വി. വനികറും അംഗമായ ഡോ. വിജേന്ദ്രകുമാറും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് നിര്‍ദേശങ്ങളുള്ളത്.

25 വിദ്യാര്‍ഥികള്‍ക്ക് മേല്‍നോട്ടത്തിനായി അസി. പ്രൊഫസറും വേണം. കൂടാതെ ഒരു ആശാ വര്‍ക്കറുടെ സേവനവും ഇവര്‍ക്ക് ലഭ്യമാക്കണം. കോഴ്സിന്റെ തുടക്കകാലത്തുതന്നെ ഗ്രാമസമൂഹവുമായി നിരന്തരബന്ധത്തിനുള്ള സാഹചര്യമുണ്ടാക്കും.

രണ്ടാഴ്ചയിലൊരിക്കല്‍ അതത് ഗ്രാമം സന്ദര്‍ശിക്കണം. ആദ്യവര്‍ഷം പത്തു സന്ദര്‍ശനങ്ങളാണ് വേണ്ടത്. പിന്നീടുള്ള രണ്ടുവര്‍ഷം ടെലിമെഡിസിന്‍ പദ്ധതി നടപ്പാക്കാം.

മൂന്നുമാസത്തിലൊരിക്കല്‍ നേരിട്ട് സന്ദര്‍ശനം വേണം. അവസാന രണ്ടുവര്‍ഷങ്ങളില്‍ മൂന്ന് വാര്‍ഷിക സന്ദര്‍ശനങ്ങളാണ് വേണ്ടത്.

ഇവയെല്ലാം ക്ലാസ് സമയങ്ങളായി കണക്കാക്കും. മെഡിക്കല്‍ ബിരുദക്കാരുടെ പ്രായോഗിക പരിശീലനത്തില്‍ ജില്ലാതല ആശുപത്രികളെ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌കരിച്ചതിന്റെ ചുവടുപിടിച്ചുള്ള നീക്കമാണിത്.

റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ചകള്‍ ദേശീയ മെഡിക്കല്‍ കമ്മിഷനില്‍ തുടങ്ങിയിട്ടുണ്ട്. രാജ്യത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും ഏറെ ഗുണപ്രദമാകുന്ന പദ്ധതിയായിരിക്കുമെന്നാണ് വിലയിരുത്തല്‍. പ്രായോഗികപ്രശ്നങ്ങള്‍ക്കൂടി കണക്കിലെടുത്തായിരിക്കും കമ്മിഷന്റെ തീരുമാനം.

Content highlights: mbbs batch should adopt one village, improve community health care

ദേശീയ മെഡിക്കല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നു