Representative Image| Photo: Canva.com
ന്യൂഡൽഹി: രാജ്യത്ത് മാതൃമരണ അനുപാതം കുറയുന്നതായി കേന്ദ്രം. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2018-2020ലെ റിപ്പോർട്ടനുസരിച്ച് ലക്ഷത്തിൽ 97 മരണങ്ങളാണ് രേഖപ്പെടുത്തിയത്. 2017-2019ൽ ഇത് 103 ആയിരുന്നു. രാജ്യത്തെ മാതൃമരണ നിരക്ക് 6.0 -മാണ്.
മുൻവർഷങ്ങളിലേതിന് സമാനമായി ഏറ്റവും കുറവ് മാതൃമരണ അനുപാതമുള്ള സംസ്ഥാനം കേരളമാണ് (19). മാതൃമരണനിരക്കാകട്ടെ 0.9 ശതമാനവും. 2017-2019 ൽ സംസ്ഥാനത്തെ അനുപാതം 30 ആയിരുന്നു. 2015-17ൽ 43 ഉം.
പുതിയ റിപ്പോർട്ട് പ്രകാരം അസം (195), ഉത്തർപ്രദേശ് (167), മധ്യപ്രദേശ് (173) , ഛത്തിസ്ഗഢ് (137), രാജസ്ഥാൻ (113), ഒഡിഷ (119), ബിഹാർ (118), ഉത്തരാഖണ്ഡ് (103) തുടങ്ങി പത്ത് സംസ്ഥാനങ്ങളിൽ മാതൃമരണ അനുപാതം ദേശീയ ശരാശരിക്കും മുകളിലാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ മരണം കർണാടകത്തിലാണ് (69). തൊട്ടുപിന്നിൽ തമിഴ്നാടും (54), ആന്ധ്രാപ്രദേശും (45), തെലങ്കാനയുമുണ്ട് (43).
ഒരുലക്ഷം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ എത്ര അമ്മമാർ മരിക്കുന്നു എന്ന കണക്കാണ് മാതൃമരണ അനുപാതം. പതിനഞ്ചിനും 49-നും ഇടയിൽ പ്രായമുള്ള അമ്മമാരെയാണ് സർവേയുടെ ഭാഗമാക്കുന്നത്. പ്രസവസമയത്തെ രക്തസ്രാവമാണ് മാതൃമരണങ്ങളുടെ പ്രധാനകാരണം. കൂടാതെ ഗർഭധാരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവയും രക്തസമ്മർദം, അണുബാധ, ഹൃദയാഘാതം തുടങ്ങിയവയും മാതൃമരണങ്ങളുടെ പ്രധാന കാരണങ്ങളാണ്. ആഗോളതലത്തിൽ അനുപാതം ഏഴ് ആക്കുകയാണ് യു.എന്നിന്റെ ലക്ഷ്യം.
മികച്ച ആരോഗ്യ സംരക്ഷണ പദ്ധതികളിലൂടെ ഗുണനിലവാരമുള്ള മാതൃ, പ്രത്യുത്പാദന പരിചരണം ഉറപ്പാക്കാൻ രാജ്യത്തിനാകുന്നുവെന്നതിന്റെ തെളിവാണ് മാതൃമരണനിരക്കിലെ ഈ കുറവ്.
മൻസൂഖ് മാണ്ഡവ്യ
കേന്ദ്ര ആരോഗ്യമന്ത്രി
Content Highlights: maternal mortality ratio declines
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..