ആലപ്പുഴ: സംസ്ഥാനത്ത് മാതൃമരണനിരക്ക് കൂടി. ലക്ഷം പ്രസവംനടക്കുമ്പോള്‍ 66 അമ്മമാര്‍ മരിക്കുന്നുണ്ടെന്നു ദേശീയ ആരോഗ്യദൗത്യത്തിന്റെ(എന്‍.എച്ച്.എം.) റിപ്പോര്‍ട്ടില്‍ പറയുന്നു. മാതൃമരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പേരെടുത്ത് രണ്ടുവര്‍ഷം പിന്നിടുമ്പോഴാണു വര്‍ധന. 2021 ഏപ്രില്‍മുതല്‍ നവംബര്‍വരെയുള്ള കണക്കനുസരിച്ചാണ് എന്‍.എച്ച്.എമ്മിന്റെ റിപ്പോര്‍ട്ട്.

ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2019-ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് 46 ആയിരുന്നു മാതൃമരണനിരക്ക്. ഇത് 30 ആയി കുറയ്ക്കാന്‍ ലക്ഷ്യമിട്ടിരിക്കെയാണ് 66 ആയത്. ഈവര്‍ഷം ചിലഘട്ടങ്ങളില്‍ നിരക്ക് 77 വരെയെത്തി. കോവിഡ് പകര്‍ച്ചയാണു മാതൃമരണം കൂടാന്‍ കാരണമെന്നാണു നിഗമനം. കോവിഡ്കാലം ഗര്‍ഭിണികള്‍ക്ക് അതീവ ശ്രദ്ധവേണ്ട സമയമായിരുന്നു.

ഈവര്‍ഷം ഏപ്രില്‍മുതല്‍ നവംബര്‍വരെ സംസ്ഥാനത്ത് 162 മാതൃമരണമുണ്ടായി. മലപ്പുറത്താണു കൂടുതല്‍. 32 പേരാണ് അവിടെ മരിച്ചത്. കുറവ് വയനാട്ടില്‍- ഒരുമരണം.മാതൃമരണനിരക്കു കൂടുതല്‍ ആലപ്പുഴയിലാണ്. ലക്ഷംപേരില്‍ 161 പേര്‍ ആലപ്പുഴയില്‍ മരിച്ചു. മാതൃമരണനിരക്ക് വയനാട്ടിലാണ് കുറവ്-14.

image

2030 ആകുമ്പോഴേക്കും രാജ്യത്തെ മാതൃമരണനിരക്ക് 70 ആക്കി കുറയ്ക്കാനാണ് ഐക്യരാഷ്ടസഭയുടെ നിര്‍ദേശം. കേരളം നേരത്തെ ഈനേട്ടം കൈവരിച്ചതിന് അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മാതൃ-ശിശു സംരക്ഷണത്തിനായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഗര്‍ഭിണികളെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കാനായി ആശപ്രവര്‍ത്തകരുമുണ്ട്. എന്നിട്ടും മരണനിരക്കുയര്‍ന്നത് ആശങ്കയ്ക്കിടയാക്കുന്നു.

Content Highlights: Maternal mortality rate rises in Kerala; 162 deaths in eight months