തൃശ്ശൂര്‍: കോവിഡ് മരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ സംസ്ഥാനത്ത് മാതൃമരണം ലക്ഷത്തില്‍ 28 മാത്രമാണെന്ന് റിപ്പോര്‍ട്ട്. കേരള ഫെഡറേഷന്‍ ഓഫ് ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി (കെ.എഫ്.ഒ.ജി.) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണിത്.

2019 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് 31 വരെ കേരളത്തില്‍ കോവിഡിതര കാരണങ്ങളാല്‍ 133 മാതൃമരണങ്ങളുണ്ടായി. മാര്‍ച്ച് മുതല്‍ തുടങ്ങിയ കോവിഡ് ആദ്യതരംഗത്തില്‍ സംസ്ഥാനത്ത് ഏഴു മാതൃമരണവും രണ്ടാംതരംഗത്തില്‍ 117 മരണവും ഉണ്ടായി.

2018-19 വര്‍ഷത്തില്‍ 160 അമ്മമാരാണ് മരിച്ചത് (32.4 ശതമാനം). കോവിഡിതര മാതൃമരണം മലപ്പുറത്താണ് കൂടുതല്‍. ഇവിടെ 25 അമ്മമാര്‍ മരിച്ചു. ഒരു മരണം മാത്രമുണ്ടായ പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്.

പ്രസവസമയത്തെ രക്തസ്രാവമാണ് മാതൃമരണങ്ങളുടെ പ്രധാനകാരണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കെ.എഫ്.ഒ.ജി. പഠനവിധേയമാക്കിയ 102 മാതൃമരണങ്ങളില്‍ പതിനേഴും രക്തസ്രാവത്തെത്തുടര്‍ന്നാണ്.

ഗര്‍ഭിണികളുടെ ആത്മഹത്യയിലും വര്‍ധനയുണ്ട്. ഹൈപ്പര്‍ടെന്‍ഷന്‍, സെപ്‌സിസ്, ഹൃദ്രോഗം തുടങ്ങിയവയും മാതൃമരണങ്ങളുടെ പ്രധാന കാരണങ്ങളാണ്.

Content highlights:  maternal mortality rate covid raises cases in kerala